മോഹൻലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രമാണ് കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ. ഷൂട്ടിംഗ് തിരക്കുകൾ കാരണം തിലകൻ ആദ്യം അച്യുതമേനോൻ എന്ന കഥാപാത്രം വേണ്ട എന്ന് വച്ചിരുന്നു.
ഒടുവിൽ സിബി മലയിലിന്റെയും ലോഹിതദാസിന്റെയും നിർബന്ധത്തെത്തുടർന്ന് തിലകന്റെ സമയം നോക്കിയാണ് സിനിമ ചിത്രീകരിച്ചത്.
തിലകന് മാത്രമല്ല, മോഹൻലാലിനും കിരീടത്തിൽ അഭിനയിക്കാൻ ആദ്യം താത്പര്യമില്ലായിരുന്നുവത്രേ. ഒഴിഞ്ഞു മാറാൻ പോലും ലാൽ ശ്രമിച്ചിരുന്നു.
സംവിധായകൻ സിബി മലയിലിന്റെ പത്താമത്തെ സിനിമയും ലോഹിതദാസിന്റെ രചനയിൽ മോഹൻലാൽ അഭിനയിക്കുന്ന ആദ്യത്തെ ചിത്രവുമാണ് കിരീടം.
ലോഹി-സിബി കൂട്ടുകെട്ടിന്റെ സിനിമയെ കുറിച്ചുള്ള ഉൗാഹാപോഹങ്ങൾ കേട്ട മോഹൻലാലിന് ഈ സിനിമ ചെയ്യാൻ ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല.
മോഹൻലാലിനോട് കഥ പറയാൻ വേണ്ടി, ലാൽ അഭിനയിക്കുന്ന ലൊക്കേഷനുകളിലെല്ലാം സിബി മലയിലും ലോഹിതദാസും കയറിയിറങ്ങി.
ലാൽ അന്ന് മൂന്ന് സിനിമകളുടെ തിരക്കുകളുമായി ലൊക്കേഷനിൽ നിന്ന് ലൊക്കേഷനിലേക്ക് ഓടി നടക്കുകയാണ്. കഥ കേൾക്കാതെ ഒഴിഞ്ഞു മാറിയാൽ സിബിക്കും ലോഹിതദാസിനും വിഷമമാവും എന്ന് കരുതി ലാൽ കഥ കേൾക്കാൻ ഇരുന്നു.
ഒട്ടും താത്പര്യമില്ലാതെ അലസമായ മനസോടെയാണ് കഥ കേട്ട് തുടങ്ങിയത്. കഥ പുരോഗമിക്കുന്തോറും മോഹൻലാൽ ആവേശഭരിതനായി.
ക്ലൈമാക്സ് പറഞ്ഞു കഴിഞ്ഞതും നിറകണ്ണുകളോടെ സിബിയ്ക്കും ലോഹിക്കും നേരേ കൈ നീട്ടി ലാൽ പറഞ്ഞു, ഇതാണ്.. ഇതാണ് ഞാൻ ചെയ്യുന്ന അടുത്ത പടം.
നായികയായി പലരെയും പരിഗണിച്ചെങ്കിലും ലോഹിക്കും സിബിക്കും പാർവതിയെ നായികയായി ലഭിച്ചാൽ നന്നായിരുന്നു എന്നുണ്ടായിരുന്നു.
ഏഴോളം ചിത്രങ്ങളുടെ തിരക്കിലാണ് അന്ന് പാർവതി. എങ്കിലും സിബി-ലോഹി-ലാൽ ചിത്രം എന്ന് കേട്ടപ്പോൾ എങ്ങനെയും സഹകരിക്കാം എന്ന് പാർവതി വാക്ക് കൊടുക്കുകയായിരുന്നു.
-പിജി