കണ്ണൂർ: ആർഎംപി നേതാവ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ മറ്റൊരു പ്രതിക്കുകൂടി സ്വർണക്കടത്തുമായി ബന്ധമെന്ന സൂചന പുറത്ത്.
സ്വര്‍ണക്കടത്തില്‍ ടിപി വധക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിക്കും കൊടി സുനിക്കും പിന്നാലെ പ്രസ്തുത കേസിലെ രണ്ടാം പ്രതി മാഹി പന്തക്കൽ നടുവിൽ മാലയാട്ട് വീട്ടിൽ മനോജ് കുമാർ എന്ന കിർമാണി മനോജി(32)നും ബന്ധമെന്ന സൂചനയാണ് ഒടുവിൽ പുറത്തുവരുന്നത്.
ജയിലില്‍ നിന്ന് യുഎഇയിലെ സ്വര്‍ണക്കടത്ത് സംഘവുമായി വീഡിയോ കോള്‍ ചെയ്തുവെന്ന രീതിയിലുള്ള തെളിവുകളാണ് പുറത്തായത്.
സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണിയായ കോഴിക്കോട് പേരാമ്പ്ര സ്വദേശിയുമായാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കിർമാണി മനോജ് വീഡിയോ കോള്‍ ചെയ്ത് സംസാരിച്ചതെന്നാണ് ആരോപണം.
കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് പേരാമ്പ്ര സ്വദേശി സ്വര്‍ണവുമായി നാട്ടിലേക്ക് മടങ്ങുന്നതിനു തൊട്ടുമുമ്പാണ് വീഡിയോ കോള്‍ ചെയ്തതെന്നാണ് സൂചന.
പേരാന്പ്ര സ്വദേശിയുടെ ഫോണിൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ ചോർന്നത്. ഈ ചിത്രങ്ങൾ കസ്റ്റംസിനും കേന്ദ്ര ഇന്റലിജന്‍സിനും ലഭിച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് കേസിൽ ടി.പി വധക്കേസിലെ മറ്റൊരു പ്രതിയുടെ പങ്കുകൂടി പുറത്ത് വരുന്ന സാഹചര്യത്തില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാകും.
ജയിലിലെ ഫോൺ വിളിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ ശേഖരിച്ചിട്ടുണ്ട്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ ശുചിമുറിയിൽനിന്നാണ് കിർമാണി മനോജ് വീഡിയോ കോളിൽ സംസാരിച്ചതെന്ന് സംശയിക്കുന്നു.
മുറിയുടെ വാതില്‍ അടച്ച് ഒളിച്ചുനിന്ന് സംസാരിക്കുന്നതാണ് ചിത്രത്തിലുള്ളത്. മാസ്ക് പാതി താഴ്ത്തിയ നിലയിലാണ് കിര്‍മാണി സംസാരിക്കുന്നത്.
യുഎഇ സമയം ഉച്ചയ്ക്ക് 12.24 നാണ് വീഡിയോ കോള്‍ ചെയ്തത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പേരാന്പ്ര സ്വദേശി തന്നെ ഫോണില്‍ സൂക്ഷിച്ചിരുന്നു.
കിര്‍മാണി മനോജുമായുള്ള യുവാവിന്റെ മറ്റുചിത്രങ്ങളും പുറത്തായിട്ടുണ്ട്. കിർമാണിയുമായി വീഡിയോ കോള്‍ ചെയ്ത പേരാന്പ്ര സ്വദേശി സ്വര്‍ണ കവര്‍ച്ചാ കേസില്‍ ആറുമാസത്തോളമായി യുഎഇ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്.
കഴിഞ്ഞ നവംബര്‍ 12ന് ഇന്‍ഡിഗോ വിമാനത്തില്‍ ഷാര്‍ജയില്‍നിന്ന് കോഴിക്കോട്ടേക്ക് ടിക്കറ്റെടുത്ത പേരാന്പ്ര സ്വദേശി വിമാനത്താവളത്തിലെത്തുന്നതിന് മുമ്പ് കിര്‍മാണിയുടെ ‘പൊട്ടിക്കല്‍’ സംഘത്തിന് സ്വര്‍ണം കൈമാറി.
യുഎഇയില്‍ വച്ച് താന്‍ കവര്‍ച്ചയ്ക്കിരയായതായി കടത്തു സംഘത്തെ അറിയിക്കുകയും ചെയ്തു. പിന്നീട് നാട്ടില്‍ വന്ന് മടങ്ങിയപ്പോള്‍ വിമാനത്താവളത്തില്‍ വച്ച് പേരാന്പ്ര സ്വദേശിയെ സ്വർണം മോഷ്ടിച്ചു എന്ന കുറ്റത്തിന് ദുബായ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പേരാന്പ്ര സ്വദേശിയെ പിന്നീട് ആറുമാസം തടവിനും 2,33,415 യുഎഇ ദിര്‍ഹം പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഏഴുവര്‍ഷം കൂടി തടവ് അനുഭവിക്കണം.
കിർമാണി മനോജിന്റെ ഫോൺ നമ്പർ ബോസ് എന്ന പേരിലാണ് പേരാന്പ്ര സ്വദേശി ഫോണിൽ സേവ് ചെയ്തിരിക്കുന്നത്.
കേരളത്തിലും ദുബായിലുമായി സ്വർണം കടത്താനും പൊട്ടിക്കാനുമായി പ്രവർത്തിക്കുന്ന സംഘത്തിൽ ബോസ് എന്നറിയപ്പെടുന്നത് കിർമാണി മനോജ് ആണോ എന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.