ഫ്രാങ്കോ ലൂയിസ്
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കിയ കിസാൻ സമ്മാൻ നിധിയിൽനിന്ന് കൈപ്പറ്റിയ ആറായിരം രൂപ തിരിച്ചടയ്ക്കണമെന്ന് കർഷകർക്കു സംസ്ഥാന സർക്കാരിന്റെ നോട്ടീസ്.
കേന്ദ്രം നൽകിയ ആനുകൂല്യം സംസ്ഥാന സർക്കാർ പിടിച്ചെടുക്കുന്നത് അത്യപൂർവമാണ്.
ആദായനികുതി അടയ്ക്കുന്നവർക്ക് കർഷകർക്കുള്ള സഹായധനത്തിന് അർഹതയില്ലെന്നും തുക സംസ്ഥാന സർക്കാരിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ട് കൃഷി വകുപ്പാണു നോട്ടീസ് അയച്ചിരിക്കുന്നത്.
ഇതോടെ പണം കൈപ്പറ്റിയ കർഷകരും സ്ഥലമുടമകളും ആശങ്കയിലായി.
പദ്ധതിയനുസരിച്ച് വർഷംതോറും ആറായിരം രൂപയാണ് കർഷകരുടെ അക്കൗണ്ടിലേക്കു കേന്ദ്ര സർക്കാർ നൽകുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിബന്ധനകളും ഉപാധികളും ലംഘിച്ച് സഹായം കൈപ്പറ്റിയെന്ന് ആരോപിച്ചാണു കൃഷിവകുപ്പ് തുക തിരിച്ചുപിടിക്കുന്നത്.
ചെറുകിട കർഷകർക്കായി പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘കിസാൻ സമ്മാൻ നിധി’ ധനസഹായത്തിന് ആദായ നികുതി അടയ്ക്കുന്നവർക്ക് അർഹതയില്ല.
രണ്ടു വർഷത്തെ ആനുകൂല്യം കൈപ്പറ്റിയവർ രണ്ടുവർഷത്തേയും തുക തിരിച്ചടയ്ക്കണമെന്ന് കൃഷി ഓഫീസർമാർ അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വൈകാതെ തന്നെ കൂടുതൽ പേർക്കു നേട്ടീസ് ലഭിക്കും.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പേ, കർഷകരോഷം ശമിപ്പിക്കാനാണ് മോദി ചെറുകിട കർഷകർക്ക് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.
കൃഷി ചെയ്യാത്ത പുരയിടമുടമകൾപോലും അപേക്ഷ നൽകി ഈ പദ്ധതിയിൽനിന്നു പണം കൈപ്പറ്റിയിട്ടുണ്ട്.
രണ്ട് ഏക്കറിനുതാഴെ കൃഷിഭൂമിയുള്ള ചെറുകിട കർഷകർക്കാണ് കേന്ദ്ര സർക്കാർ ഈ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നത്.
ആദായനികുതി നൽകുന്നവർ, ഡോക്ടർമാരും എൻജിനിയർമാരും അഭിഭാഷകരും അടക്കം രജിസ്റ്റേഡ് പ്രഫഷണലുകൾക്കും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്കും ആനുകൂല്യം ലഭിക്കില്ല.
പതിനായിരം രൂപയിലധികം പെൻഷൻ വാങ്ങുന്നവർക്കും ആനുകൂല്യം നൽകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
ആദായനികുതി അടയ്ക്കുന്ന കർഷകർ കൈപ്പറ്റിയ ആറായിരം രൂപ വീതം ഏഴു ദിവസത്തിനകം തിരിച്ചടയക്കണമെന്നാണ് കൃഷിവകുപ്പു നൽകിയ നോട്ടീസിൽ പറയുന്നത്.
എസ്ബിഐയുടെ തിരുവനന്തപുരം വികാസ് ഭവൻ ശാഖയിലെ അക്കൗണ്ടിലേക്കു പണം തിരിച്ചടയ്ക്കണമെന്നാണു നിർദേശം. പണം തിരിച്ചടച്ചില്ലെങ്കിൽ റവന്യു റിക്കവറി നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.