തിരുവല്ല: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ആനുകൂല്യത്തിനായി കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ഒരു ലക്ഷത്തോളം അപേക്ഷകളാണ് ജില്ലയിലെ 57 കൃഷിഭവനുകളിലായി ലഭിച്ചത്. അപേക്ഷ നല്‍കാനെത്തുന്നവരുടെ തള്ളിക്കയറ്റം മൂലം കൃഷി ഓഫീസുകളില്‍ വന്‍ ആള്‍ത്തിരക്കാണ്. അഞ്ച് ഏക്കറില്‍ താഴെ കൃഷി ഭൂമിയുള്ളവര്‍ക്ക് 6000 രൂപ മൂന്നു ഗഡുക്കളായി അക്കൗണ്ടിലെത്തുന്ന കേന്ദ്ര ബജറ്റ് പ്രഖ്യാപനമാണ് കിസാന്‍ സമ്മാന്‍ നിധി.
അപേക്ഷകള്‍ സ്വീകരിക്കുന്ന തീയതി സംബന്ധിച്ച് വാട്ട്സ്ആപ്പ് സന്ദേശങ്ങള്‍ ആശയക്കുഴപ്പം സൃഷ്ടിച്ചെങ്കിലും കൃഷി ഓഫീസുകളില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്. 31 വരെ അപേക്ഷ സ്വീകരിക്കാനാണ് കൃഷി ഓഫീസുകളില്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്. കിസാന്‍ സമ്മാന്‍ നിധിയുടെ വെബ്സൈറ്റില്‍ കൃഷി ഭവനില്‍ നിന്ന് അപേക്ഷ അപ് ലോഡ് ചെയ്യുന്നതനുസരിച്ച് ആദ്യ ഗഡു അപേക്ഷകരുടെ അക്കൗണ്ടിലെത്തും.
ഉച്ച സമയത്ത് അപേക്ഷയുമായി കാത്തു നിന്ന പലരും കടുത്ത ചൂട് സഹിക്കാനാകാതെ കുഴഞ്ഞു വീഴുന്ന സ്ഥിതിയുമുണ്ടായി. കൃഷി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സമയം ലഭിക്കുന്നില്ല. എല്ലാ ജീവനക്കാരും സമ്മാന്‍ നിധിക്ക് പുറകേ ആയതിനാല്‍ കൃഷി ഓഫീസുകളിലെ മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തത്കാലം വിശ്രമമാണ്.
അപേക്ഷകര്‍ നല്കുന്ന വിവരങ്ങള്‍ കൃഷി ഭവനുകളില്‍ നിന്ന് കിസാന്‍ സമ്മാന്‍ നിധിയുടെ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യുകയാണ് രീതി. അപേക്ഷകരുടെ തിരക്ക് മൂലം പലപ്പോഴും സെര്‍വറുകള്‍ പണിമുടക്കുന്നതും പതിവായി. പല അപേക്ഷകളും അപ്ലോഡ് ചെയ്യാന്‍ സാധിച്ചിട്ടില്ല.
റേഷന്‍ കാര്‍ഡില്‍ കൃഷിയാണ് ജോലിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നവര്‍ക്ക് മാത്രമേ ആനുകൂല്യം ലഭിക്കുയെന്ന പ്രചരണം തെറ്റാണെന്ന് കൃഷി വകുപ്പ് അധികൃതര്‍ വൃക്തമാക്കി. ചെറുകിട കര്‍ഷകര്‍ക്കും മറ്റ് ജോലിയുള്ളവര്‍ക്കും അപേക്ഷിക്കുന്നതിന് തടസമില്ല. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ ക്ലാസ് ഫോര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അര്‍ഹതയുണ്ട്.