അനന്ത്പുർ: ദുലീപ് ട്രോഫി ചതുർദിന ക്രിക്കറ്റിൽ ഇഷാൻ കിഷന്റെ തകപ്പൻ സെഞ്ചുറി മികവിൽ ഇന്ത്യ ബിക്ക് എതിരേ സി മികച്ച സ്കോറിലേക്ക്. ഒന്നാം ദിവസം കളി നിർത്തുന്പോൾ ഇന്ത്യ സി അഞ്ചു വിക്കറ്റിന് 357 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും (46), മനവ് സുഥാറും (എട്ട്) ആണ് ക്രീസിൽ. ടോസ് നേടിയ ഇന്ത്യ ബി ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
കൗണ്ടർ അറ്റാക്കിംഗിലൂടെ 126 പന്തിൽ 14 ഫോറും മൂന്നു സിക്സും സഹിതം 111 റണ്‍സ് നേടിയാണ് കിഷൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് സെഞ്ചുറിയിലൂടെ ആഘോഷിച്ചത്. ദുലീപ് ട്രോഫിക്ക് സെപ്റ്റംബർ 10ന് ബിസിസിഐ പ്രഖ്യാപിച്ച ടീമിൽ ഈ വിക്കറ്റ് കീപ്പറെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീടാണ് ഇന്ത്യ സിയുടെ ടീമിൽ ഉൾപ്പെടുത്തിയത്.
ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യ ഡിയിലായിരുന്നു താരം. പരിക്കിനെത്തുർന്ന് ആദ്യ റൗണ്ട് മത്സരത്തിൽ കിഷന് കളിക്കാനായില്ല. രണ്ടാം റൗണ്ട് മത്സരത്തിൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ബാബ ഇന്ദ്രജിത്തിനൊപ്പം 189 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്.
കിഷന്റെ ഏഴാമത്തെ ഫസ്റ്റ് ക്ലാസ് സെഞ്ചുറിയാണ്. 2023 ജൂലൈയിൽ വെസ്റ്റ് ഇൻഡീസിനെതിരേ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചശേഷം ഔദ്യോഗികമായ ഒരു റെഡ് ബോൾ ക്രിക്കറ്റിൽ നേടുന്ന ആദ്യ സെഞ്ചുറിയാണ്.
മത്സരത്തിൽ ആദ്യ ഓവറിൽ ക്യാപ്റ്റൻ ഗെയ്ക്വാദിന് കാൽക്കുഴയ്ക്കു പരിക്കേറ്റതിനെത്തുടർന്ന് റിട്ടയേർഡ് ഹർട്ടായിരുന്നു. സായി സുദർശൻ (43), രജത് പാട്ടിദാർ (40) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
സഞ്ജു സാംസണ് ടീമിൽ
ഇന്ത്യ ഡിക്ക് എതിരായ മത്സരത്തിൽ ഷാംസ് മുലാനിയുടെ ചെറുത്തുനിൽപ്പ്. 174 പന്ത് നേരിട്ട ഷാംസ് മുലാനി 88 റണ്‍സുമായി ക്രീസിൽ തുടരുന്നു. തനുഷ് കൊടിയനും (53) ഇന്ത്യ എയ്ക്കു വേണ്ടി അർധസെഞ്ചുറി നേടി. ഇന്ത്യ ഡി ടീമിനായി പ്ലേയിംഗ് ഇലവനിൽ ഇറങ്ങിയ സഞ്ജു സാംസണ് മായങ്കിനെ സ്റ്റംപ് ചെയ്ത് പുറത്താക്കി.