കണ്ണൂർ: വയൽക്കിളി സമര നേതാവ് സുരേഷ് കീഴറ്റൂരിന്റെ വീടിനു നേരെ അക്രമം നടത്തിയ രണ്ടംഗ സംഘത്തെ പോലീസ് കണ്ടെത്തിയെങ്കിലും സിപിഎം സമ്മർദം കാരണം അറസ്റ്റ് ചെയ്യാതെ വിട്ടയച്ച സംഭവം ഐജി അന്വേഷിക്കണമെന്നു ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി.
സുരേഷ് കീഴാറ്റൂരിന്റെ വീടാക്രമിച്ച കേസിലെ പ്രതികളെ രക്ഷിക്കാൻ ജില്ലയിൽ പോലീസും സിപിഎമ്മും ഒത്തുകളിക്കുകയാണ്. എസ്എഫ്ഐ നേതാവ് ഉൾപ്പെടെയുള്ളവരെയാണു പിടിയിലായതെന്നാണു വിവരം. മാർച്ച് 22 ന് പുലർച്ചെയാണു വീടിനു നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘം കല്ലേറ് നടത്തിയത്. ഇവർ വന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യം പോലീസിനു നൽകിയ ആളുടെ ബന്ധുവായ പാർട്ടി അംഗത്തിന്റെ വീടിനു നേരെയും കല്ലേറ് നടന്നിരുന്നു.
വീട് അക്രമണത്തിനു ശേഷം ശാസ്ത്രീയ അന്വേഷണം നടത്തിയ പോലീസ് പ്രതികളെ കണ്ടെത്തിയിരുന്നു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസിലെ സ്ഥിരം അന്തേവാസിയായ എസ് എഫ്ഐ നേതാവാണു പ്രതി എന്ന് മനസ്സിലാക്കിയ പോലീസ് വിവരം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസും സിപിഎം നേതൃത്വവും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി പ്രതിയെ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും പാച്ചേനി ആരോപിച്ചു.