മേതിൽ ദേവികയുമായി വർഷങ്ങളായുള്ള പരിചയമാണ്. ഞങ്ങൾ ഒരുമിച്ച് വനിതാരത്നം എന്ന ഷോ ചെയ്യുന്ന സമയത്ത് ദേവികയുടെ ഒരു കസിനെ കണ്ടാൽ എന്നെ പോലെ ഇരിക്കും എന്ന് അവർ എപ്പോഴും പറയുമായിരുന്നു.
കഥ ഇന്നുവരെ എന്ന സിനിമയുടെ ലൊക്കേഷനിൽ ഞങ്ങൾ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങളെ രണ്ടുപേരെയും കണ്ടാൽ ആങ്ങളയും പെങ്ങളും പോലെയാണ് ഉള്ളത് എന്ന് ചിലർ പറഞ്ഞിട്ടുണ്ടെന്നും ദേവിക പറഞ്ഞിരുന്നു.
അതിനേക്കാൾ ഉപരി അത്രയും നല്ല സൗഹൃദവും ആണ് ഞങ്ങൾക്കിടയിൽ ഉള്ളതും. എന്നും കാണാറില്ലെങ്കിലും കമ്യൂണിക്കേഷൻ നിലനിർത്താൻ ശ്രമിക്കാറുണ്ട്. ചിത്രത്തിൽ ദേവികയുടെ സഹോദരനായി ഞാൻ അഭിനയിക്കുന്നു എന്ന കാര്യം സത്യത്തിൽ അവർക്ക് വലിയ സർപ്രൈസ് ആയിരുന്നു.
ഞാൻ ലൊക്കേഷനിൽ എത്തുന്നത് വരെ അവർ അത് അറിഞ്ഞിരുന്നില്ല. കുറെ നാളുകൾക്ക് ശേഷമാണ് ഞങ്ങൾ രണ്ടുപേരും നേരിൽ കാണുന്നത്. സഹോദരിയുടെ റോൾ ദേവികയാണ് ചെയ്യുന്നത് എന്ന് വിഷ്ണു എന്നോട് പറഞ്ഞിരുന്നു. ആദ്യമായി അവർ സിനിമയിലേക്ക് എത്തുമ്പോൾ അവർക്കൊപ്പം സഹോദരൻ എന്ന നിലയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട് എന്ന് കിഷോർ സത്യ.