ദുരഭിമാനക്കൊലയുടെ ഞെട്ടലില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. പ്രണയിച്ചതിന് കെവിനെന്ന യുവാവിനെ കൊന്ന സംഭവത്തില്‍ രൂക്ഷപ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉടനീളം നടന്നു വരുന്നത്. വ്യത്യസ്ത മതത്തിലും ജാതിയിലും പെട്ടവര്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തവരാണ് നമ്മള് മലയാളികളുമെന്ന് എല്ലാവരും തിരിച്ചറിയുന്ന നിമിഷങ്ങള്‍.
സ്നേഹിച്ച ചെറുക്കനെ വിവാഹം ചെയ്തു എന്ന കുറ്റത്തിന് വീട്ടുകാര്‍ കൊലവിളിയുമായി വേട്ടയാടിയപ്പോള്‍ പോലീസില്‍ അഭയം പ്രാപിച്ചവരാണ് കെവിനും നീനുവും. എന്നാല്‍ ലഭിച്ചതോ അവഗണനയും ചതിയും. കെവിനെ കൊലപ്പെടുത്താന്‍ പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ സഹായം പ്രതികള്‍ക്ക് ലഭിച്ചിരുന്നതായി തെളിഞ്ഞ സാഹചര്യത്തില്‍ കിസ്മത്ത് എന്ന സിനിമയിലെ ഡയലോഗാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാവുന്നത്.
ദളിത് യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള ഒരു യഥാര്‍ഥ പ്രണയമായിരുന്നു കിസ്മത്ത് എന്ന സിനിമയ്ക്ക് ആധാരം. ഷാനവാസ് ബാവുക്കുട്ടി ഒരുക്കിയ ആ സിനിമ മലയാളി സമൂഹത്തിന്റെ നേര്ക്കാഴ്ചയാണെന്ന അഭിപ്രായമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്.
വീട്ടുകാരില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തുന്ന നായകനോടും നായികയോടും ഒരു പോലീസ് ഉദ്യോഗസ്ഥന് നടത്തുന്ന അസഭ്യം കലര്‍ന്ന സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്.
നീ ഏതാ?
എന്താ നിനക്ക് ജാതി ഒന്നുവില്ലേ?
അല്ല സര് ജാതി ഒന്നും നോക്കീട്ടല്ല ഇഷ്ടപ്പെട്ടത്..
ഓഹോ അപ്പോ ജാതി ഒന്നും ഇല്ലാണ്ടാക്കാന്‍ വേണ്ടീട്ടാണോ ഈ പ്രേമം??
നിന്റെയൊക്കെ കുത്തിക്കഴപ്പിന് കാവലിരിക്കുന്ന ആളുകളല്ല പോലീസ്…
ഈ ഡയലോഗാണ് കെവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നീനുവിന്റെ കെവിന്റെയും ജീവിതത്തില്‍ സംഭവിച്ചതും ഇതുതന്നെയാണെന്നാണ് ഈ സിനിമയിലെ ഡയലോഗ് ചൂണ്ടിക്കാട്ടുന്നതെന്നാണ് പലരും അഭിപ്രായപ്പെടുന്നതും.