നമ്മുടെയൊക്കെ നാട്ടില്‍ പൊതുജനമധ്യത്തിലോ പെരുവഴിയിലൊ ചുംബനം നടത്തിയാല്‍ സാധാരണഗതിയില്‍ നല്ല ചുട്ടയടി ലഭിക്കുകയാണ് പതിവ്. എന്നാല്‍ നിര്‍ത്താതെ ചുംബിക്കുന്നവര്‍ക്ക് സമ്മാനമായി പതിനഞ്ചുലക്ഷത്തിന്റെ ഒരു കാര്‍ ലഭിക്കുകയാണെങ്കിലോ. അമേരിക്കന്‍ സ്വദേശിനിയായ ദിലിനി ജയസൂര്യ എന്ന മുപ്പതുകാരിയ്ക്കാണ് ഇത്തരത്തില്‍ അമ്പത് മണിക്കൂര്‍ തുടര്‍ച്ചയായി ഉമ്മവച്ചതിന് സമ്മാനമായി 15 ലക്ഷം രൂപയുടെ കാര്‍ ലഭിച്ചത്.
ടെക്‌സസിലെ ലോക്കല്‍ റേഡിയോ സ്‌റ്റേഷനായ കിസ്സ് എഫ്എം 96.7നാണ് കിസ്സ് എ കിയ എന്ന പേരില്‍ ഈ മത്സരം സംഘടിപ്പിക്കുന്നത്. തുടര്‍ച്ചയായി ഒരു കാറിനെ ചുംബിക്കുക എന്നതാണ് മത്സരം. ഈ വര്‍ഷം 20 മത്സരാര്‍ത്ഥികളുമായി ആരംഭിച്ച മത്സരം ആദ്യ ദിനം, അതായത് 24 മണിക്കൂര്‍ പിന്നിട്ടപ്പോഴേയ്ക്കും 11 പേരായി ചുരുങ്ങി. അവസാനഘട്ടത്തില്‍ ഏഴ് പേരാണ് മത്സരത്തിന് ഉണ്ടായിരുന്നത്. കാര്‍ സമ്മാനിക്കേണ്ടയാളെ ഇവരില്‍ നിന്ന് നറുക്കിട്ട് തെരഞ്ഞെടുക്കുകയാണ് ചെയ്തത്. അങ്ങനെയാണ് ദിലിനി ജയസൂര്യയ്ക്ക് നറുക്കുവീണത്. പിന്മാറണമെന്ന് പലവട്ടം ഓര്‍ത്തതാണെങ്കിലും പിടിച്ചുനില്‍ക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. നിന്നെക്കൊണ്ടു സാധിക്കും എന്ന് മനസ്സിനെ പറഞ്ഞ്് വിശ്വസിപ്പിച്ചാല്‍ സാധിക്കാത്തതായി ഒന്നും തന്നെ ഈ ലോകത്തിലില്ല. ദിലീന പറയുന്നു. അവള്‍ വിജയിച്ചു എന്ന് എനിക്കിനിയും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നാണ് ദിലീനയുടെ ഭര്‍ത്താവ് പ്രതികരിച്ചത്.
നില്‍ക്കുന്നിടത്തുനിന്ന് മാറുന്നതിനും ചുമയ്ക്കുന്നതിനും ശബ്ദമുണ്ടാക്കുന്നതിനും മത്സരത്തില്‍ വിലക്കില്ല. എങ്കില്‍പ്പോലും ഇരുചുണ്ടുകളും കാറില്‍തന്നെ ഉണ്ടായിരിക്കണം. ഫോണില്‍ പാട്ടുകേള്‍ക്കുന്നതിനോ സിനിമ കാണുന്നതിനോ തടസമില്ല. ഓരോ ഒരു മണിക്കൂര്‍ കഴിയുമ്പോഴും പത്ത് മിനിറ്റ് ഇടവേള ലഭിക്കും. നേരംപോക്കിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിവച്ച ഈ വ്യത്യസ്ത മത്സരം ഇന്ന് വാശിയേറിയ പോരാട്ടമായി മാറിയിരിക്കുകയാണ്.