ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ നിലപാട് കടുപ്പിച്ച് കർഷകർ. കേന്ദ്രം ചർച്ചയ്ക്ക് വിളിച്ചതിന് പിന്നാലെയാണ് കർഷകർ നിലപാട് കടുപ്പിച്ചത്. ഇന്ന് വൈകിട്ട് മൂന്നിനായിരുന്നു കേന്ദ്ര കൃഷിമന്ത്രി സമരക്കാരുമായി ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നത്.
എന്നാൽ, ചർച്ചയ്ക്ക് ക്ഷണിച്ച കേന്ദ്രസർക്കാർ തീരുമാനം കർഷക സംഘടനകൾ നിരസിച്ചു. 500ലേറെ കർഷക സംഘടനകളാണ് സമര രംഗത്തുള്ളത്. ഇതിൽ 32 എണ്ണത്തെ മാത്രമാണ് ചർച്ചയ്ക്ക് വിളിച്ചത്.
മുഴുവൻ സംഘടനകളെയും ക്ഷണിക്കാതെ ചർച്ചയ്ക്ക് ഇല്ലെന്ന് കിസാൻ സംഘർഷ് സമിതി വ്യക്തമാക്കി.
നേരത്തെ, ഉപാധികളില്ലാതെ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ തയാറാണെന്ന് ബികെയു നേതാവ് ജോഗീന്ദർ സിംഗ് അടക്കമുള്ള പ്രധാന നേതാക്കളെ ആഭ്യന്തരമന്ത്രി അമിത് ഷാ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.
ഡൽഹി നിരങ്കാരി മൈതാനത്തേക്ക് സമരം മാറ്റിയാൽ ഡിസംബർ മൂന്നിന് മുൻപ് ചർച്ചയ്ക്ക് തയാറാണെന്നായിരുന്നു അമിത് ഷാ അറിയിച്ചത്. ഈ നിർദ്ദേശം ഞായറാഴ്ച കർഷകർ തള്ളിയിരുന്നു.
ഇതേത്തുടർന്ന് ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ വസതിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ എന്നിവർ ചർച്ച നടത്തിയാണ് ഉപാധികളില്ലാത്ത ചർച്ചയ്ക്ക് തീരുമാനമെടുത്തത്.