എടത്വാ: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കരുവടിയ്ക്കകം പാടശേഖരത്തെ തരിശുനിലത്തില്‍ വിത്തെറിഞ്ഞു. എടത്വാ ഗ്രാമപഞ്ചായത്ത് ആറ്, നാല് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട മാങ്കുഴി തെക്ക് കരുവടിയ്ക്കകം പാടശേഖരത്താണ് വീണ്ടും കൃഷിയിറക്കിയത്. 70 ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരം ഏഴ് വര്‍ഷത്തിലധികമായി തരിശുനിലമായി കിടക്കുകയായിരുന്നു.
പുല്ലും മാലിന്യങ്ങളും നിറഞ്ഞ പാടം സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് കൃഷി യോഗ്യമാക്കിയത്. തൊണ്ണൂറ് ദിവസം കൊണ്ട് വിളവെടുക്കുന്ന മണിരത്നം വിത്താണ് വിതച്ചത്. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി ഉദ്ഘാടനം നിര്‍വഹിച്ചു.
പാടശേഖര പ്രസിഡന്റ് ജോസഫ് മാത്യു ഈരേത്ര അധ്യക്ഷത വഹിച്ചു. എടത്വാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ജോര്‍ജ്ജ്, വൈസ്. പ്രസിഡന്റ് ജയിന് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പന്, പഞ്ചായത്ത് അംഗങ്ങളായ ബെറ്റി ജോസഫ്, രേഷ്മ ജോണ്സണ്, പാടശേഖര കണ്‍വീനര്‍ ജോര്‍ജ്ജ് തോമസ് കളപ്പുര, തോമസ് മാത്യു, ജയിംസ്, തോമസ്, ഫിലിപ്പ് ജോസഫ്, സതീഷ് ചന്ദ്ര എന്നിവര്‍ പങ്കെടുത്തു.