ന്യൂഡൽഹി: കര്‍ഷക സമരം നടക്കുന്ന ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപ്പുരില് ഭാരതീയ കിസാന്‍ യൂണിയന് വക്താവ് രാകേഷ് ടിക്കായത്ത് യുവാവിന്റെ മുഖത്തടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വിശദീകരണവുമായി ടിക്കായത്ത് രംഗത്തെത്തി.
സമരത്തില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ വന്നയാളെയാണ് തല്ലിയതെന്ന് ടിക്കായത്ത് പറഞ്ഞു. അയാള്‍ കര്‍ഷക സംഘടനയില്‍ അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഗാസിപ്പുരിലെ സമരവേദിയിൽ നിന്നും പോലീസ് സമരക്കാരെ ഒഴിപ്പിക്കില്ല. ജില്ലാ മജിസ്ട്രേറ്റാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ഒരു സംഘർഷ സാഹചര്യമുണ്ടാക്കേണ്ട എന്ന നിലപാടിലാണ് പോലീസ്.
വ്യാഴാഴ്ച രാത്രി പതിനൊന്ന് വരെയാണ് സമരമുഖത്ത് നിന്നും പിന്മാറാൻ കർഷകർക്ക് അനുവദിച്ച സമയം. എന്നാൽ എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്ന് കർഷകർ നിലപാട് സ്വീകരിച്ചതോടെയാണ് പോലീസ് തീരുമാനം മയപ്പെടുത്തിയത്.