എന്തൊരു ഇരട്ടത്താപ്പാണിത്. പറയുന്നത് കേരളത്തിലെ കര്‍ഷകരാണ്. പ്രളയാനന്തര കേരളത്തില്‍ കാര്‍ഷികവിളകളില്‍ നിന്നുള്ള വരുമാനം ഇടിഞ്ഞതും സംസ്ഥാന സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതും കൂടിയായതോടെ കേരളത്തിലെ കര്‍ഷകരുടെ ജീവിതം വറചട്ടിയിലാണ്. ഇടുക്കിയില്‍ മാത്രം ഇതുവരെ എട്ടുപേരാണ് ജീവനൊടുക്കിയത്.
സ്വന്തം നാട്ടില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും ഒരുവിരല്‍ പോലും അനക്കാന്‍ കേരളത്തിലെ സര്‍ക്കാര്‍ തുനിയുന്നില്ലെന്നതാണ് ദു:ഖകരമായ സത്യം. എന്നാല്‍ മറ്റൊരു വിരോധാഭാസം എന്തെന്നാല്‍ മഹാരാഷ്ട്രയില്‍ സിപിഎമ്മിന്റെ കര്‍ഷകസംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന ലോംഗ് മാര്‍ച്ചിന് കേരളത്തിലെ ഇടത് അനുഭാവികളും സാംസ്കാരിക നായകരും നല്കുന്ന പിന്തുണയാണ്.
മഹാരാഷ്ട്രയിലെ സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചും കര്‍ഷകമാര്‍ച്ചിനെ പുകഴ്ത്തിയും സോഷ്യല്‍മീഡിയയില്‍ പോസ്റ്റിടുന്നവര്‍ കേരളത്തിലെ കര്‍ഷകരുടെ അവസ്ഥയെപ്പറ്റി മിണ്ടുന്നില്ല. അല്ലെങ്കില്‍ അവരെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ അപ്രീതി പിടിച്ചു പറ്റേണ്ടി വരുമോയെന്ന് ഭയക്കുന്നു.
ബാങ്കുകള്‍ ജപ്തിഭീഷണിയുമായി രംഗത്തിറങ്ങിയതാണ് കര്‍ഷകരെ ഒരു കയറിന്മേല് ജീവിതം അവസാനിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇതുവരെ ബാങ്കുകളെ നിയന്ത്രിക്കാനോ കര്‍ഷകര്‍ക്ക് താല്‍ക്കാലിക രക്ഷാമര്ഗം നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍ തയാറായിട്ടില്ല. അതിനുപകരം ഭരണത്തിലേറിയതിന്റെ 1000 ദിനം കോടികള്‍ പൊടിച്ച് ആഘോഷിക്കുകയാണ് സര്‍ക്കാര്‍. ഇതിനെതിരേ പോലും മിണ്ടാന്‍ സംസ്കാരിക നായകരെന്ന് പറയുന്നവര്‍ തയാറാകുന്നില്ലെന്ന വിമര്‍ശനവും ശക്തമാണ്.