സെബി മാത്യു
ന്യൂഡല്‍ഹി: അനുനയിപ്പിച്ച് പറഞ്ഞയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പാടേ തള്ളിക്കളഞ്ഞ കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തില്‍ പ്രക്ഷോഭം രൂക്ഷമാക്കുന്നു.
അടുത്ത ഘട്ടം ചര്‍ച്ചയ്ക്കു മുന്നോടിയായി കാര്‍ഷിക നിയമങ്ങളില്‍ ഉള്‍പ്പടെയുള്ള വിയോജിപ്പുകള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിന് ഇന്ന് കര്‍ഷക സംഘടനകള്‍ കത്തു നല്‍കും.
ഇന്നലെ ചര്‍ച്ചയ്ക്കിടെ ചായ കൊടുത്ത കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ സത്കാരം നിരസിച്ച കര്‍ഷകര്‍ ഞങ്ങളുടെ സമരസ്ഥലത്തേക്ക് വന്നാല്‍ ജിലേബി കഴിച്ചു പോകാമെന്നാണു പറഞ്ഞത്.
സമരസ്ഥലത്ത് സൗജന്യം ഭക്ഷണ വിതരണം നടത്തുന്ന ലംഗാറിലേക്ക് വന്നാല്‍ ഇഷ്ടംപോലെ ജിലേബി കഴിച്ചു മടങ്ങാമെന്നാണ് കര്‍ഷകര്‍ മന്ത്രിയുള്പ്പടെയുള്ളവരോട് പറഞ്ഞത്.
ഡല്‍ഹിയില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ സമരവേദി നിഷേധിച്ച കര്‍ഷകര്‍ തലസ്ഥാന അതിര്‍ത്തികള്‍ അടച്ചും ഗതാഗതം സ്തംഭിപ്പിച്ചും സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ്.
പ്രത്യേക സമിതി രൂപീകരിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്താം എന്ന സര്‍ക്കാര്‍ നിര്‍ദേശവും കര്‍ഷകര്‍ തള്ളിയതോടെ മറ്റൊരു പോംവഴിയും മുന്നോട്ടു വെക്കാനില്ലാതെ മന്ത്രിമാര്‍ കുഴങ്ങി.
നാളെ നടക്കുന്ന ചര്‍ച്ചയിലും സമവായം കണ്ടെത്താനായില്ലെങ്കില്‍ അക്ഷരാര്‍ഥത്തില്‍ ഡല്‍ഹിയിലെ ജനജീവിതം തന്നെ സ്തംഭിക്കുന്ന അവസ്ഥയിലേക്ക് കാര്‍ഷിക സമരം രൂക്ഷമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ പരസ്യ വിശദീകരണം നല്‍കിയിട്ടും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ നില്ക്കുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ നിലവില്‍ മറ്റൊരു വഴിയും കേന്ദ്ര സര്‍ക്കാരിനു മുന്നിലില്ല.
ഭിന്നിപ്പിക്കാനുള്ള നീക്കം പാളി
അതിനിടെ കര്‍ഷക സംഘടനകളെ ശിഥിലീകരിച്ച് പല ഗ്രൂപ്പുകളാക്കി തിരിച്ച് ചര്‍ച്ച നടത്തി സമവായം കണ്ടെത്താനുള്ള ശ്രമങ്ങളും കര്‍ഷകര്‍ പൊളിച്ചടുക്കി.
ചര്‍ച്ച ചെയ്യുന്നെങ്കില്‍ തങ്ങള്‍ എല്ലാവരെയും ഒരുമിച്ചിരുത്തി ചര്‍ച്ച നടത്തിയാല്‍ മതിയെന്ന് കര്‍ഷകര്‍ നിലപാട് കടുപ്പിച്ചതോടെ കേന്ദ്രത്തിന്റെ ആ നീക്കവും പാളുകയായിരുന്നു.
കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, പിന്നീട് ഈ ചുമതല കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍, റെയില്‍, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരിലേക്ക് ഒതുങ്ങുകയായിരുന്നു.
നാളെ വീണ്ടും ചര്‍ച്ചയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിളിച്ചിട്ടുണ്ടെങ്കിലും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ തങ്ങള്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.
ഗതാഗതം സ്തംഭിച്ചു
പഞ്ചാബിനും ഹരിയാനയ്ക്കും പുറമേ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ നിന്നു കൂടി കൂടുതല്‍ കര്‍ഷകര്‍ എത്തിത്തുടങ്ങിയതോടെ ഡല്‍ഹി അതിര്‍ത്തികളിലൂടെയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്.
കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ ഏതാണ്ട് എട്ടു കിലോമീറ്ററോളം ദൂരത്തിലാണ് വാഹനഗതാഗതം തടസപ്പെട്ടു കിടക്കുന്നത്.
അതിനിടെ, മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അവശ്യ സാധനങ്ങളുമായി ഡല്‍ഹിയിലേക്ക് വന്ന ആയിരക്കണക്കിന് ട്രക്കുകളും തലസ്ഥാനത്തേക്ക് കടക്കാന്‍ കഴിയാതെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
സിംഗുവിലെ സമരസ്ഥലത്തേക്ക് കൂടുതല്‍ പ്രമുഖര്‍ എത്തിത്തുടങ്ങിയതോടെ സമരം കൂടുതല്‍ കരുത്തോടെ വ്യാപിക്കുകയാണ്. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഇന്നലെ ഇവിടെയെത്തിയിരുന്നു.
പഞ്ചാബില്‍ നിന്നുള്ള സിനിമ, കലാ, കായിക താരങ്ങളും സമര സ്ഥലത്തെത്തി കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പഞ്ചാബിലും ഹരിയാനയിലും നിന്നുള്ള കര്‍ഷകര്‍ സിംഗു, തിക്രി അതിര്ത്തികളിലേക്കൊഴുകിയെത്തുമ്പോള് ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയായ ഗാസിപ്പൂരിലാണ് തമ്പടിച്ചിരിക്കുന്നത്.
സമരം വ്യാപകമായതോടെ ഡല്‍ഹിയിലേക്ക് വരുന്ന ജജ്ജാര്‍-ബഹാദുര്‍ഗഡ് അതിര്‍ത്തി അടച്ചിരിക്കുകയാണ്. കര്‍ഷക പ്രക്ഷോഭം കണക്കിലെടുത്ത് നോര്‍ത്തേണ്‍ റെയില്‍വേ രണ്ടിലേറെ ട്രെയിനുകളും റദ്ദാക്കി. ഡല്‍ഹി-യുപി ഗതാഗത മാര്‍ഗങ്ങള്‍ ഏതാണ്ട് പൂര്‍ണമായി തന്നെ സ്തംഭിച്ച നിലയിലാണ്.