ന്യൂഡൽഹി: സമരജീവികൾ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ഷേപത്തിനു മറുപടിയുമായി സംയുക്ത കിസാൻ മോർച്ച. കർഷകരെ അപമാനിക്കുന്ന പരാമർശമാണ് മോദി നടത്തിയതെന്ന് കിസാൻ മോർച്ച പറഞ്ഞു.
രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് സമരങ്ങളിലൂടെയാണ്. അതിനാൽത്തന്നെ സമരജീവികൾ എന്നു വിളിക്കപ്പെടുന്നതിൽ അഭിമാനമേയുള്ളൂ. ബ്രിട്ടീഷുകാർക്കെതിരേ സമരം ചെയ്യാത്ത ബിജെപിക്കാർക്കും അവരുടെ മുൻഗാമികൾക്കും സമരങ്ങളോട് എതിർപ്പുണ്ടാകുന്നത് സ്വാഭാവികമാണ്.
അതുകൊണ്ടാണ് ബിജെപി എല്ലാ സമരങ്ങളെയും ജനകീയ മുന്നേറ്റങ്ങളെയും ഭയപ്പെടുന്നത്. താങ്ങുവില സംബന്ധിച്ച കാര്യത്തിൽ വെറും പ്രസ്താവനകളല്ല, നിയമപരമായ ഉറപ്പാണ് വേണ്ടതെന്നും കിസാൻ മോർച്ച പറഞ്ഞു.
താങ്ങുവില ഇവിടെ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്, ഇനിയും ഉണ്ടാകും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. സമരത്തിനു രാജ്യാന്തര പിന്തുണ ലഭിക്കുന്നതിൽ ഗൂഢാലോചനയുണ്ടെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തെയും കിസാൻ മോർച്ച തള്ളി.