സെബി മാത്യു
ന്യൂഡൽഹി: തലസ്ഥാനം സ്തംഭിപ്പിച്ചുള്ള കർഷക പ്രക്ഷോഭം അവസാനിപ്പിക്കാൻ കർഷകർ കേന്ദ്ര സർക്കാരിന് അവസാന അവസരം നൽകിയിരിക്കുന്ന ഇന്ന് ചർച്ചകൾക്ക് മുൻപായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി കൂടിക്കാഴ്ച നടത്തും.
കർഷക സംഘടന പ്രതിനിധികളുമായി കേന്ദ്ര സർക്കാർ കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് അമിത്ഷാ-അമരീന്ദർ സിംഗ് കൂടിക്കാഴ്ച. കർഷക പ്രക്ഷോഭം ആരംഭിച്ചതിന് ശേഷം കേന്ദ്രം കർഷകരുമായി നടത്തുന്ന നാലാമത്തെ ചർച്ചയാണ് ഇന്ന് നടക്കാൻ പോകുന്നത്.
ചർച്ചയിൽ ആരൊക്കെ പങ്കെടുക്കണം എന്തൊക്കെ വിഷയമാക്കണം എന്നത് സംബന്ധിച്ച് സംയുക്ത കർഷക സംഘടനകൾ ഇന്നലെ കേന്ദ്ര കൃഷിമന്ത്രിക്ക് നിർദേശം നൽകിയിട്ടുണ്ട്.
നിലപാടിൽ ഉറച്ച് കർഷകർ
കേന്ദ്രം പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് കർഷകർ. അതേസമയം നിയമങ്ങൾ പിൻവലിക്കാതെ തന്നെ സമവായം കണ്ടെത്താനുള്ള മാർഗങ്ങളാണ് കേന്ദ്രം ആലോചിക്കുന്നത്.
മോട്ടോർ ട്രാൻസ്പോർട്ട് അസോസിയേഷൻ ഉൾപ്പടെ കർഷക സംഘടനകൾക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ബില്ലുകൾ പിൻവലിച്ച് കർഷകരുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ പണിമുടക്ക് രാജ്യവ്യാപകമാക്കുമെന്നും ഇവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്നു വ്യക്തമാക്കി ഡൽഹി-ഹരിയാന അതിർത്തിയിൽ തന്പടിച്ചിരിക്കുന്ന കർഷകർ ഒരു വർഷം വരെ ഇവിടെ തങ്ങി സമരം ചെയ്യാനുള്ള സന്നാഹങ്ങളുമായാണ് വന്നിരിക്കുന്നതെന്നാണ് പറഞ്ഞത്.
ചാക്ക് കണക്കിന് അരിയും ഗോതന്പും പച്ചക്കറികളുമാണ് കർഷകർ ഇവിടെ സംഭരിച്ചിരിക്കുന്നത്. ആവശ്യത്തിലേറെ ഭക്ഷണ സാധനങ്ങൾ ഉള്ളതുകൊണ്ട് തന്നെ ഇപ്പോൾ സംഭാവന നൽകുന്നവരെ തന്നെ വിലക്കേണ്ട അവസ്ഥയിലാണെന്നാണ് ഭക്ഷണ വിതരണത്തിന് ചുക്കാൻ പിടിക്കുന്ന ബാബ ജഗ്താർ സിംഗ് പറഞ്ഞത്.
ഭക്ഷണം തയാറാക്കാനും വിതരണം ചെയ്യാനും വിദ്യാർഥികൾ അടക്കും യുവാക്കൾ വോളന്റിയർമാരായി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ചർച്ചകളിൽ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തികളും അടച്ചു സമരം ചെയ്യാനാണ് കർഷകരുടെ പദ്ധതി.
അവസാന അവസരം
ഇന്ന് നടക്കുന്ന ചർച്ച പ്രശ്ന പരിഹാരത്തിനായി സർക്കാരിന് മുന്നിലുള്ള അവസാന അവസരമാണെന്നാണ് ലോക് സംഘർഷ് മോർച്ച താക്കീത് നൽകിയിരിക്കുന്നത്.
സർക്കാർ ഇത് പഞ്ചാബിലെ കർഷകരുടെ മാത്രം പ്രശ്നമായി ഒതുക്കിത്തീർക്കാൻ നോക്കുകയാണ്. അതുവഴി രാജ്യവ്യാപകമായി സമരം ചെയ്യുന്ന കർഷകർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും ശ്രമിക്കുകയാണെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റ് ഡോ. ദർശൻ പാൽ ആരോപിച്ചു.
ആഭ്യന്തര, പ്രതിരോധ മന്ത്രിമാർ വേണ്ട
ഇന്ന് നടക്കുന്ന ചർച്ചയിൽ കേന്ദ്ര കൃഷി മന്ത്രി മാത്രം മതിയെന്നും ആഭ്യന്തര, പ്രതിരോധ മന്ത്രിമാരെ മാറ്റി നിർത്തണമെന്നും കർഷക സംഘടന പ്രതിനിധികൾ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
35 കർഷക സംഘടനകളുടെ പ്രതിനിധികളുമായി ഇന്നുച്ചയ്ക്ക് പന്ത്രണ്ടു മണിക്കാണ് ഡൽഹി വിജ്ഞാൻ ഭവനിൽ കേന്ദ്ര കൃഷിമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.
പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത് കേന്ദ്രം പാസാക്കിയ മൂന്നു കാർഷിക നിയമങ്ങളും പിൻവലിക്കണമെന്നാണ് ഇന്നലെ ക്രാന്തികാരി കിസാൻ യൂണിയൻ ആവശ്യപ്പെട്ടത്.
കർഷകർ പ്രക്ഷോഭം അവസാനിപ്പിച്ച് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നാണ് കേന്ദ്ര കൃഷിമന്ത്രി ഇപ്പോഴും ആവർത്തിച്ചു പറയുന്നത്.
നിയമങ്ങൾ പിൻവലിക്കണമെന്ന കർഷകരുടെ ആവശ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ ചർച്ചയിൽ വിഷയം ഉന്നയിച്ചാൽ അതും ചർച്ച ചെയ്യും. പക്ഷേ, പാസാക്കിയ നിയമങ്ങൾ പിൻവലിക്കുന്നതിന് പിന്നിൽ നിയമപ്രശ്നങ്ങളുണ്ട്.
കർഷകർ ഉന്നയിക്കുന്ന വിഷയങ്ങളിൽ പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. ഇത് ചർച്ചകളിലൂടെ മാത്രമേ സാധിക്കൂ.
നിയമങ്ങൾ പിൻവലിക്കുക എന്നത് അത്ര എളുപ്പമല്ലെന്നു പറഞ്ഞ മന്ത്രി അക്കാര്യം സർക്കാരിന്റെ അജൻഡയിൽ ഇല്ല എന്നു തന്നെയാണ് വ്യക്തമാക്കുന്നത്.