ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷം അലങ്കോലമാക്കരുതെന്ന അഭ്യർഥനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. റിപ്പബ്ലിക് ദിനത്തിൽ കർഷകർ ഡൽഹിയിൽ ട്രാക്ടർ റാലി നടത്താൻ നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അഭ്യർഥന.
കർഷകർ യുക്തിസഹമായ സമീപനം സ്വീകരിക്കുമെന്നാണു കരുതുന്നതെന്നും കർഷകരിൽ തനിക്കു വിശ്വാസമുണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കർഷകരുടെ പ്രശ്നം പഠിക്കാൻ സുപ്രീംകോടതി സമിതിയെ നിയമിച്ചിട്ടുണ്ടെന്നും അവർക്കു സമയം നൽകണമെന്നും പ്രതിരോധമന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ട്രാക്ടർ റാലിയിലേക്കു പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ പേരെ പങ്കെടുപ്പിക്കാനുള്ള നീക്കത്തിലാണ് കർഷക സംഘടനകൾ.
റാലിയിൽ പങ്കെടുക്കുന്നതിന് പഞ്ചാബിലെ അമൃത്സറിൽനിന്ന് നിരവധി ട്രാക്ടറുകൾ ഇപ്പോൾ തന്നെ പുറപ്പെട്ടു. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അമൃത്സറിൽനിന്ന് ഡൽഹിയിലേക്കു പുറപ്പെട്ടിരിക്കുന്നത്.
റാലിയിൽ പങ്കെടുക്കുന്നതിന് പഞ്ചാബിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും കൂടുതൽ കർഷകരെ ജനുവരി 20ന് മുന്പു തന്നെ ഡൽഹിയിൽ എത്തിക്കുന്നതിന് കർഷക സംഘടനകൾ തയാറെടുക്കുകയാണ്.
കർഷക സമരത്തിൽ പങ്കെടുക്കാൻ പഞ്ചാബിൽ ഗുരുദ്വാരകളിൽ ആഹ്വാനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ നമ്മൾ പോകാൻ തയാറായില്ലെങ്കിൽ പിന്നൊരിക്കലും അതിനുള്ള അവസരം ലഭിക്കില്ല. ഇത് അവകാശത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നുമുള്ള സന്ദേശങ്ങളാണ് പല ഗുരുദ്വാരകളിൽനിന്നും ഉയരുന്നത്.
ജനുവരി 26ന് ഡൽഹിയിലെ എല്ലാ ജില്ലകളിൽനിന്നും തലസ്ഥാനത്തേക്ക് ട്രാക്ടർ റാലി നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഓർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.. അന്നു രാജ്പഥിൽ ജവാൻമാർക്കൊപ്പം കർഷകർ തിരംഗ യാത്ര നടത്തും.
റിപ്പബ്ലിക് ദിനത്തിൽ കിസാൻ പരേഡിൽ ഖാലിസ്ഥാൻ പതാക ഉയർത്തുമെന്ന ആശങ്കയുണ്ടല്ലോ എന്ന ചോദ്യത്തിന് അക്കാര്യം തടയേണ്ടത് പോലീസ് ആണെന്നും കർഷകർ അത്തരം പ്രവൃത്തികൾ അനുവദിച്ചു കൊടുക്കില്ലെന്നും ടികായത് മറുപടി നൽകി.
അടുത്തയിടെ നടത്തിയ മുംബൈ യാത്ര വിവാദമായിരുന്നല്ലോ എന്ന ചോദ്യത്തിന് കർഷക സമരത്തിന് കൂടുതൽ സംഘടനകളിൽനിന്നും വ്യക്തികളിൽനിന്നും സഹായം ആവശ്യമുണ്ടെന്നും യാത്ര അതിൻറെ ഭാഗമായിരുന്നെന്നും ടികായത് പറഞ്ഞു.