ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡൽഹിയിലേക്ക് ആരംഭിച്ച കർഷക മാർച്ചിൽ വൻസംഘർഷം. നഗരഹൃദയമായ ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. പോലീസ് വെടിയേറ്റാണ് മരിച്ചതെന്ന് കർഷകർ ആരോപിച്ചു. അതേസമയം, ട്രാക്ടർ മറിഞ്ഞാണ് മരണമെന്നാണ് പോലീസ് പറയുന്നത്.
രാജ്യത്തെ ഔദ്യോഗിക റിപ്പബ്ലിക് പരേഡ് അവസാനിച്ചതിന് ശേഷം 11ഓടെ റാലി നടത്താനായിരുന്നു അനുമതി. എന്നാൽ പത്തോടെ കർഷകർ പോലീസ് ബാരിക്കേഡുകൾ മറികടന്ന് ഡൽഹിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
എന്നാൽ പലയിടത്തും റാലി പോലീസ് തടഞ്ഞു. ഇതോടെ പോലീസും കർഷകരും നിലയുറപ്പിച്ചു. മാർച്ച് നഗരത്തിലേക്കു കടക്കുന്നതു തടയാൻ സുരക്ഷയൊരുക്കിയെങ്കിലും കർഷകർ അവ മറികടന്നു ഡൽഹി നഗരത്തിലേക്കു പ്രവേശിച്ചു.
പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചത് വൻ സംഘഷത്തിന് കാരണമായി. സീമാപുരിയിൽ ലാത്തിവീശിയ പോലീസ് പിന്നാലെ കണ്ണീർവാതകം പ്രയോഗിച്ചു.
ദിൽഷാദ് ഗാർഡനിൽ മാർച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പോലീസ് അഴിച്ചുവിട്ടതോടെ ട്രാക്ടറുകൾ ഉപേക്ഷിച്ച് കർഷകർ പിൻവാങ്ങി.
ഐടിഒയിൽ ട്രാക്ടറുകൾ ഉപയോഗിച്ച് ബാരിക്കേഡുകൾ മറികടന്ന് കർഷകർ മുന്നോട്ടു നീങ്ങിയതോടെ പോലീസ് പ്രതിരോധം തീർക്കാൻ ശ്രമിച്ചു. കർഷകരും പോലീസും തമ്മിൽ കല്ലേറുണ്ടായി. ഇതോടെ കർഷകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.