ന്യൂഡൽഹി: റിപ്പബ്ലിക് ദിനമായ ഇന്നലെ തലസ്ഥാനത്ത് അരങ്ങേറിയ കലുഷിത സംഭവങ്ങളിൽ കർഷകർക്ക് ഒരു പങ്കുമില്ലെന്ന് സംഘടനകൾ.അതേസമയം, ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ച് വൻ ആശങ്ക ഉയർത്തിയിരിക്കുകയാണ്.
ഇതും അക്രമത്തിന് വഴിതെളിക്കുമെന്നാണ് രഹസ്യാന്വേഷണ വിവരം. ചെങ്കോട്ടയുടെ മകുടത്തിൽ സിഖ് മതാനുയായികളുടെ പവിത്രമായ നിഷാൻ സാഹിബ് പതാക ഉയർത്തിയത് സമരം നടത്തുന്നവരിൽ പെട്ടവരല്ലെന്ന് കർഷക സംഘടനകൾ ആവർത്തിച്ചു വ്യക്തമാക്കി.
കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ നടത്തിയ കിസാൻ പരേഡ് ഡൽഹിയെ അക്ഷരാർഥത്തിൽ സംഘർഷഭരിതമാക്കി. ഡൽഹി പോലീസിന്റെ കനത്ത കാവലും കർശന നിർദേശങ്ങളും നിലനിൽക്കേ മുൻനിശ്ചയിച്ച പാതയിൽനിന്നു വ്യതിചലിച്ച് പോലീസ് ബാരിക്കേഡുകൾ മറികടന്നാണ് സമരക്കാർ ട്രാക്ടറുകളുമായി മധ്യഡൽഹിവരെ എത്തിയത്.
ഇവർ ചെങ്കോട്ടയിലേക്ക് ഇരച്ചുകയറുകയും ചെയ്തു. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന കൊടിമരത്തിലാണ് പ്രതിഷേധക്കാരിലൊരാൾ സിഖ് പതാക നാട്ടിയത്. നാലു മണിക്കൂറോളം കഴിഞ്ഞാണ് സമരക്കാരെ ചെങ്കോട്ടയുടെ പരിസരത്തുനിന്ന് നീക്കാനായത്.
ഇന്നലത്തെ സംഘർഷങ്ങൾ കർഷക സമരത്തിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന ചർച്ചകൾ ഉയർന്നു കഴിഞ്ഞു. കനത്ത സുരക്ഷാ വലയത്തിൽ ഇന്ന് രാജ്യതലസ്ഥാനം ശാന്തമാണ്. ഭാവി പരിപാടികൾ എന്ത് എന്നു തീരുമാനിക്കാൻ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.
സമാധാനപരമായി സമരം മുന്നോട്ടുകൊണ്ടുപോകണമെന്നാണ് പൊതുവേ ഉയരുന്ന ആവശ്യം. ആസൂത്രണം പാളിയെന്ന വിലയിരുത്തലുമുണ്ട്. കർഷകർ തങ്ങളുടെ സമരഭൂമിയായ സിംഗു അതിർത്തിയിലേക്കു മടങ്ങി.
ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയ സംഭവം വൻ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കി. അങ്ങനെയാണ് സംഭവത്തിനു നേതൃത്വം നൽകിയത് ആരെന്ന ചോദ്യമുയർന്നതും സമരക്കാർക്കുനേരെ വിരലുകളുയർന്നതും.
സമാധാനപരമായി ട്രാക്ടർ റാലി നടത്തുക മാത്രമായിരുന്നു തങ്ങളെുട തീരുമാനമെന്നും, അതിലേക്ക് സാമൂഹ്യ വിരുദ്ധർ നുഴഞ്ഞുകയറി പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നെന്നുമാണ് സംയുക്ത സമരസമിതിയുടെ പക്ഷം.
ഇന്നലെ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷത്തിൽ എട്ടു ബസുകളും 17 സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാർ നശിപ്പിച്ചതായി പോലീസ് അറിയിച്ചു. 86 പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ചെങ്കോട്ടയിൽ കൊടി നാട്ടിയത് നടൻ ദീപ് സിദ്ധു
അതേസമയം സിഖ് പതാക ഉയർത്തിയത് ജനാധിപത്യപരമായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്ന പ്രസ്താവനയുമായി പഞ്ചാബി നടൻ ദീപ് സിദ്ധു രംഗത്തെത്തി. കർഷക സമരവേദിയിലെ പരിചിതമുഖമായ സിദ്ധു ഫേസ്ബുക്ക് ലൈവിലാണ് ഈ വാദവുമായി എത്തിയത്.
പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ ജനാധിപത്യ അവകാശം നിഷേധിച്ചപ്പോൾ ചെങ്കോട്ടയിൽ നിഷാൻ സാഹിബ് പതാക ഉയർത്തുക മാത്രമാണ് ചെയ്തതെന്നും, ദേശീയ പതാക സ്ഥാനത്തുനിന്നു മാറ്റിയിട്ടില്ലെന്നും ദീപ് സിദ്ധു പറഞ്ഞു.
എന്നാൽ കർഷകരെ പ്രകോപിപ്പിക്കാനും സമരം കലുഷിതമാക്കാനും ദീപ് സിദ്ധുവും ഗുണ്ടാ, രാഷ്ട്രീയ നേതാവായ ലഖ സിദാനയും ശ്രമിച്ചിരുന്നതായി സ്വരാജ് ഇന്ത്യ ചീഫ് യോഗേന്ദ്ര യാദവ് വെളിപ്പെടുത്തി. കഴിഞ്ഞദിവസം രാത്രിയാണ് ഇവർ എത്തിയത്.
മൈക്രോഫോണുമായി ദീപ് സിദ്ധു എങ്ങനെ ചെങ്കോട്ടയിൽ എത്തി എന്നതിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദീപ് സിദ്ധു കർഷകരെ വഴിതെറ്റിച്ചു എന്ന ആരോപണവുമായി ഭാരതീയ കിസാൻ യൂണിയന്റെ ഹരിയാനയിലെ നേതാവ് ഗുംർ സിംഗ് ചദുനി രംഗത്തെത്തി.
കർഷക സമരത്തിന് പ്രത്യക്ഷമായും പരോക്ഷമായും പിന്തുണ നൽകുന്നവർപോലും ചെങ്കോട്ടയിൽ സിഖ് കൊടി ഉയർന്നതിനെ വിമർശിക്കുന്നു. സംഘർഷം സമരത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയാണ് എല്ലാവർക്കുമുള്ളത്.
സിദ്ധുവിനെ തള്ളി സണ്ണി ഡിയോൾ
പഞ്ചാബിലെ മുക്സർ ജില്ലയിൽ 1984ൽ ജനിച്ച ദീപ് സിദ്ധു നിയമബിരുദധാരിയാണ്. 2015ൽ പുറത്തിറങ്ങിയ റംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗുരദാസ്പുരിൽ മത്സരിച്ച ബിജെപി നേതാവും നടനുമായ സണ്ണി ഡിയോളിന്റെ പ്രചാരണത്തിന് ദീപ് സിദ്ധു രംഗത്തുണ്ടായിരുന്നു. ചെങ്കോട്ടയിൽ സിഖ് പതാക ഉയർത്തിയ സംഭവത്തെ അപലപിച്ച സണ്ണി ഡിയോൾ തനിക്കോ കുടുംബത്തിനോ ദീപുമായി ഒരു ബന്ധവുമില്ലെന്നു പ്രതികരിച്ചു.