സെബി മാത്യു
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും പൊലീസും കേന്ദ്രസേനയും പിന്മാറി. ഡല്‍ഹി -യുപി അതിര്‍ത്തിയിലുള്ള ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കാനാണ് പൊലീസ് സേന എത്തിയത്. അര്‍ധരാത്രി വരെ പൊലീസും കര്‍ഷകരം നേര്‍ക്കുനേര്‍ നിന്നതോടെ മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
അതിനിടെ സമരവേദി ഒഴിയണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്കിയ നോട്ടീസിനെതിരെ കര്‍ഷക സംഘടന നേതാവ് രാകേഷ് ടിക്കായത്ത് സുപ്രീംകോടതിയെ സമീപിക്കും. ഇന്നു തന്നെ സുപ്രീംകോടതിയെ സമീപിക്കാനാണ് നീക്കം. സമാധാനപരമായ സമരം തുടരുമെന്ന് ടിക്കായത്ത് വ്യക്തമാക്കി.
സമരം ഒഴിപ്പിക്കാന്‍ പൊലീസും ദ്രുതകര്‍മ സേനയും സ്ഥലത്തെത്തിയെങ്കിലും പിന്നോട്ടില്ലെന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത് പ്രഖ്യാപിച്ചു. നിലപാട് കടുപ്പിച്ചതോടെയാണ് ഒഴിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് യുപി പൊലീസും ദ്രുതകര്‍മ സേനയും രാത്രി ഒരു മണിക്ക് മടങ്ങിയത്.
ഗാസിപ്പുരിലെ പ്രക്ഷോഭകേന്ദ്രം ഒഴിപ്പിക്കണമെന്നു ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. സമരവേദി ഒഴിയാന്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ സാവകാശം നല്‍കിയേക്കും. അതേസമയം വിവാദ നിയമങ്ങള്‍ പിന്‍വലിക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍.
ഡല്‍ഹി -ഹരിയാന അതിര്‍ത്തിയിലെ സിംഘു, തിക്രി എന്നിവിടങ്ങളില്‍നിന്നും ഡല്‍ഹിയിലേക്കുള്ള എല്ലാ വഴികളും അടച്ചു. സംഘര്‍ഷങ്ങളുടെ പേരില്‍ കര്‍ഷക നേതാക്കള്‍ക്കെതിരേ ചുമത്തിയ 33 എഫ്ഐആറുകളില്‍ ചിലതില്‍ രാജ്യദ്രോഹക്കുറ്റവും യുഎപിഎയും വരെയുണ്ട്.
സമരം നടക്കുന്ന തിക്രി അതിര്‍ത്തിയിലും ശക്തമായ സുരക്ഷ വിന്യാസം നടത്തിയിട്ടുണ്ട്. നാല്പതോളം കര്‍ഷക സംഘടനകളുടെ സംയുക്ത രൂപമായ സംയുക്ത കിസാന്‍ മോര്‍ച്ച സമരത്തില്‍ ഉറച്ചു നില്ക്കുകയാണെന്നു വ്യക്തമാക്കിയിട്ടുണ്ട്.