ന്യൂഡൽഹി: കാർഷിക നിയമഭേദഗതി തത്കാലം നടപ്പാക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. കർഷകരുടെ സമരം അനന്തമായി നീണ്ടുപോകുന്നതിൽ സുപ്രീംകോടതി കേന്ദ്ര സർക്കാരിനെ അതൃപ്തി അറിയിച്ചു. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.
കർഷക സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാരിനോട് കോടതി ആരാഞ്ഞു. നിങ്ങൾക്ക് സമവായമുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ കാർഷിക നിയമഭേദഗതി സ്റ്റേ ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു.
നിയമം കൊണ്ടുവരുന്നതിന് മുൻപ് എന്ത് കൂടിയാലോചന നടത്തിയെന്നും നിരവധി സംസ്ഥാനങ്ങൾ നിയമത്തിനെതിരല്ലേയെന്നും കോടതി ആരാഞ്ഞു.
നിയമം സ്റ്റേ ചെയ്യുന്നതിനെ അറ്റോർണി ജനറൽ ശക്തമായി എതിർത്തു. പ്രശ്നം പരിഹരിക്കാൻ ജനുവരി 15ന് വീണ്ടും ചർച്ചയുണ്ടെന്നും രാജ്യത്തെ ഭൂരിഭാഗം കർഷകരും നിയമത്തെ പിന്തുണയ്ക്കുകയാണെന്നും ചെയ്യുന്നതെന്നും അറ്റോർണി ജനറൽ വാദിച്ചു.