സ്വന്തം ലേഖകൻ
തൃശൂർ: ഡൽഹിയിൽ സമരത്തിനിറങ്ങിയ കർഷകർക്കു പിന്തുണ പ്രഖ്യാപിച്ച് നാലു യുവാക്കളുടെ സൈക്കിൾ യാത്ര. കാസർഗോഡുനിന്ന് ഒന്പതിന് ആരംഭിച്ച യാത്ര അടുത്തയാഴ്ച കന്യാകുമാരിയിൽ സമാപിക്കും.
മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് കൊടശേരി സ്വദേശികളായ എം. ആഷിക്, എം. നാഫിഹ്, സി.കെ. ഷംനാൻ അഹമ്മദ്, പി. സെബിനാഷ് എന്നിവരാണ് സൈക്കിൾ യാത്രികർ. എല്ലാവരും 20 മുതൽ 22 വരെ വയസുള്ളവർ. ബിരുദ വിദ്യാർഥികളും ഈയിടെ ബിരുദം പാസായവരും ഇക്കൂട്ടത്തിലുണ്ട്.
അപ്പോളോ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിലെ അംഗങ്ങൾകൂടിയാണ് ഇവർ. ഹെൽമെറ്റ് ധരിച്ചാണ് യാത്ര. ശരാശരി നൂറു കിലോമീറ്ററാണ് ഓരോ ദിവസത്തേയും സവാരി.
സൈക്കിൾ സവാരി ആരോഗ്യത്തിനു നല്ലത്, ആദായകരവുമെന്ന സന്ദേശംകൂടി നൽകാനാണു യാത്ര.എല്ലാ ജില്ലകളിലേക്കും യാത്രയെത്തും. കാസർഗോഡുനിന്ന് ആരംഭിച്ച് വയനാടും പാലക്കാടും അടക്കമുള്ള എല്ലാ വടക്കൻ ജില്ലകളും പിന്നിട്ടാണ് ഇന്നലെ തൃശൂരിലെത്തിയത്.
വടക്കുന്നാഥ ക്ഷേത്രത്തിനു മുന്നിലെത്തിയ സംഘം ഇന്നലെ രാത്രിയോടെ എറണാകുളത്തെത്തി. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ പിന്നിട്ട് കന്യാകുമാരിയിൽ എത്തും.
യാത്രയ്ക്കിടെ പലരും പിന്തുണയുമായി എത്തുന്നുണ്ട്. വിശ്രമിക്കാൻ റോഡരികിലെ തണലിടങ്ങളിൽ നിർത്തിയാൽ പഴങ്ങളും ശീതളപാനീയങ്ങളും സമ്മാനിക്കാറുണ്ട്.
രാത്രി ഉറങ്ങാനുള്ള സൗകര്യവും ജേഴ്സിയും ചിലർ സ്പോണ്സർ ചെയ്യുന്നുണ്ടെന്നും സംഘത്തലവനായ എം. ആഷിക് പറഞ്ഞു.