ഭോപ്പാല്‍: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് പുരസ്കാരങ്ങള്‍ തിരിച്ചു നല്‍കിയവര്‍ക്കെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് കൃഷിമന്ത്രിയും ബിജെപി നേതാവുമായ കമല്‍ പട്ടേല്‍.
ദേശീയ പുരസ്കാരങ്ങള്‍ മടക്കി നല്കുന്നവര് ഭാരത മാതാവിനെ അപമാനിക്കുന്നവരും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുമാണ്. അവര്‍ ദേശസ്നേഹികല്ല- കമല്‍ പട്ടേല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അത് എങ്ങനെ സാധിക്കും? ഒരു ജനാധിപത്യ രാജ്യത്തില്‍ ജനങ്ങളാണ് ഏറ്റവും വലിയ ശക്തി. ആ ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളടങ്ങിയ പാര്‍ലമെന്റാണ് ഈ നിയമം പാസാക്കിയത്- കമല്‍ പട്ടേല്‍ പറഞ്ഞു.
രണ്ടാഴ്ച പിന്നിടുന്ന കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നുള്ള നിരവധി കലാകാരന്മാരും കായികതാരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരും അവര്‍ക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങളടക്കം തിരിച്ചുനല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കമല്‍ പട്ടേലിന്റെ പ്രതികരണം.