ജിജി ലൂക്കോസ്
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്റ്റർ റാലി സംഘർഷത്തിനു പിന്നാലെ കർഷക സമരം ഒഴിപ്പിക്കാനുള്ള സർക്കാർ നീക്കം ചെറുക്കാൻ കൂടുതൽ കർഷകർ ഡൽഹി അതിർത്തിയിലേക്ക് എത്തിത്തുടങ്ങി.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു യുപിയിലെ മുസാഫിർപ്പൂർനഗറിൽ കൂടിയ മഹാപഞ്ചായത്തിലെ പതിനായിരത്തിൽ അധികം ആളുകളും നൂറുകണക്കിന് ട്രാക്ടറുകളും ഡൽഹിയിലേക്ക് നീങ്ങാൻ തീരുമാനിച്ചിരുന്നു.
ഇതേ രീതിയിൽ പടിഞ്ഞാറൻ യുപിയിൽ നിന്നും ഹരിയാനയിൽ നിന്നും കർഷകരും വിദ്യാർഥികളും ഉൾപ്പെടുന്ന സംഘങ്ങൾ ഡൽഹിയിലേക്ക് നീങ്ങി തുടങ്ങിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലി ചെങ്കോട്ടയിലേക്കു നീങ്ങിയതും അക്രമ സംഭവങ്ങൾ നടന്നതിന്റെയും പശ്ചാത്തലത്തിൽ ഗാസിപ്പൂർ അടക്കമുള്ള സമര കേന്ദ്രങ്ങൾ ഒഴിപ്പിക്കാൻ യുപി സർക്കാർ നിർദ്ദേശിച്ചിരുന്നു.
അതോടോപ്പം സിംഘുവിലെ സമരക്കാർക്ക് നേരെ ഒരുകൂട്ടം ആളുകൾ കൈയേറ്റം നടത്തുകയും ടെന്റുകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സർക്കാരിന്റെയും ബിജെപി സംഘപരിവാർ സംഘടനകളുടെയും ആസൂത്രിത നീക്കം ആണെന്നാണ് കർഷക സംഘടനകൾ ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ കർഷകർ സമര സ്ഥലത്തേക്ക് എത്തുന്നത്.
സുരക്ഷ ശക്തം
നാട്ടുകാരെന്ന് അവകാശപ്പെട്ട് ഇന്നും ഇവിടങ്ങളിൽ ആളുകളുടെ പ്രതിഷേധവും അക്രമവും ഉണ്ടാകുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതേതുടർന്ന് ഡൽഹി അതിർത്തികളിൽ സുരക്ഷാ ശക്തമാക്കി.
രണ്ട് ദിവസവും സിംഘുവില്‍ സംഘടിച്ചെത്തിയവര്‍ കര്‍ഷകര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തിയിരുന്നു.
കര്‍ഷകര്‍ ദേശീയ പതാകയെ അപമാനിച്ചെന്നും സ്ഥലം ഒഴിയണമെന്നുമായിരുന്നു ആവശ്യം. പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കി. ഇന്നലെ കല്ലേറിലും ലാത്തിചാര്‍ജിലുമാണ് കാര്യങ്ങള്‍ അവസാനിച്ചത്. ഇന്ന് കൂടുതല്‍ പേര് സംഘടിച്ചെത്തുമെന്ന് കര്‍ഷകര്‍ സംശയിക്കുന്നുണ്ട്.
തിക്രിയിലും ഷാജഹാന്‍പുരിലും സമാനമാണ് അവസ്ഥ. ഈ സാഹചര്യത്തില്‍ സമരകേന്ദ്രങ്ങള്‍ക്ക് കാവല്‍ നില്‍ക്കുകയാണ് ചെറുപ്പക്കാരായ കര്‍ഷകര്‍.
44 പേർ അറസ്റ്റിൽ
ഇന്നലെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സിംഘുവില്‍ കർഷകർ അടക്കം 44 പേര് അറസ്റ്റിലായി. അലിപൂര്‍ എസ്എച്ച്ഒയെ വാളുമായി ആക്രമിച്ച യുവാവും പിടിയിലായി. ബിജെപി, ആർഎസ്എസ് പ്രവർത്തകരാണു പോലീസിന്റെ ഒത്താശയോടെ ഇന്നലെ സിംഘുവിൽ എത്തിയതെന്നു കിസാൻ സഭ നേതാവ് പി. കൃഷ്ണപ്രസാദ് ആരോപിച്ചു.
മറ്റൊരു സമരകേന്ദ്രമായ തിക്രിയിലും പുറത്തു നിന്നുള്ളവരും കർഷകരും തമ്മിൽ നേരിയ ഏറ്റുമുട്ടലുണ്ടായി. സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അംബാല, കർണാൽ എന്നിവയടക്കം ഹരിയാനയിലെ 17 ജില്ലകളിൽ ഇന്നു വൈകുന്നേരം അഞ്ചു വരെ ഇന്റർനെറ്റ് സേവനം റദ്ദാക്കി.
മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് കര്‍ഷക നേതാക്കള്‍ നിരാഹാര സത്യഗ്രഹം നടത്താനാണ് തീരുമാനം . പ്രക്ഷോഭ കേന്ദ്രങ്ങളില്‍ രാവിലെ ഒന്‍പത് മുതല്‍ അഞ്ച് വരെ ജനസഭ സംഘടിപ്പിക്കാനും ഉപവസിക്കാനുമാണ് സംഘടനകളുടെ ആഹ്വാനം.