ന്യൂഡൽഹി: രാജ്യത്ത് നടപ്പിലാക്കിയ കാർഷിക നിയമങ്ങളുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് റിലയൻസ് ഇൻഡസ്ട്രീസ്. കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്ത് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന കാര്‍ഷിക നിയമങ്ങളുമായി റിലയന്‍സിന് ഒരു ബന്ധവുമില്ല. ഒരു വിധത്തിലും കമ്പനിക്ക് അതുകൊണ്ടു പ്രയോജനവുമില്ല. നിയമങ്ങളുമായി റിലയന്‍സിനെ ബന്ധപ്പെടുത്തുന്നത് കമ്പനിയുടെ അന്തസ് കെടുത്തുന്നതാണ്.
റിലയന്‍സ് കരാര്‍ കൃഷിയോ കോര്‍പ്പറേറ്റ് കൃഷിയോ ചെയ്യുന്നില്ല. പഞ്ചാബിലോ ഹരിയാനയിലോ രാജ്യത്ത് മറ്റെവിടെയെങ്കിലുമോ കര്‍ഷകരില്‍നിന്നു നേരിട്ടോ പരോക്ഷമായോ ഭൂമി വാങ്ങുന്നില്ല.
ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും നിത്യോപയോഗ സാധനങ്ങളും വില്‍ക്കുന്ന കമ്പനിയുടെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ കര്‍ഷകരില്‍നിന്നു നേരിട്ട് വിളകള്‍ വാങ്ങുന്നുമില്ല.
കര്‍ഷകരുമായി കമ്പനി ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെടുന്നില്ല. കുറഞ്ഞ വിലയ്ക്ക് കര്‍ഷകരില്‍നിന്നു വിളകള്‍ വാങ്ങരുതെന്ന് വിതരണക്കാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
സമരത്തിന്റെ പശ്ചാത്തലത്തിൽ മൊബൈല്‍ ടവറുകള്‍ക്കു നേരയെുള്ള ആക്രമണം അടിയന്തരമായി നിര്‍ത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ഹരിയാന ഹൈക്കോടതിയില്‍ റിലയന്‍സ് ജിയോ ഹര്‍ജി നല്‍കിയതായും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
രാജ്യത്ത് നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്ക് പിന്നിൽ റിലയൻസാണെന്ന അഭ്യൂഹം വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് റിലയൻസ് വിശദീകരണവുമായി രംഗത്തെത്തിയത്.