സെബി മാത്യു
ന്യൂഡല്‍ഹി: ഭാരത് ബന്ദ് ഉള്‍പ്പെടെ സമരം കടുപ്പിച്ച് കര്‍ഷകര്‍ നിലപാടില്‍ ഉറച്ചു നില്ക്കുമ്പോള് ഒരു ചെറിയ വിഭാഗത്തെ അടര്‍ത്തിയെടുത്ത് സമരം പൊളിക്കാനുള്ള നീക്കവുമായി ബിജെപി സര്‍ക്കാര്‍.
ഹരിയാനയില്‍ നിന്നുള്ള കര്‍ഷക ഉപ്ദാക സംഘടനകളുടെ ഒരു സംഘം പുതിയ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നു എന്നു വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി.
എന്നാല്‍ ഈ സംഘങ്ങള്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന സംഘടനകളാണെന്നും സമരത്തില്‍ വിള്ളലുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും ഭാരതീയ കിസാന്‍ യൂണിയന് വ്യക്തമാക്കി.
നിയമത്തെ അനുകൂലിച്ച് ഒരു സംഘം
നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടില്‍ വിവിധ കര്‍ഷക സംഘടനകള്‍ സമരത്തില്‍ ഉറച്ചു നില്‍ക്കുന്നതിനിടെയാണ് ഹരിയാനയില്‍ നിന്നുള്ള ഒരു സംഘം കര്‍ഷകര്‍ നിയമത്തെ അനുകൂലിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തിയത്.
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകളുടെ മൂന്നു സംഘങ്ങള്‍ ആണ് ഇന്നലെ കൃഷി മന്ത്രിയെ കണ്ട് നിയമത്തെ തങ്ങള്‍ അനുകലിക്കുന്നതായി വ്യക്തമാക്കി കത്തു നല്‍കിയത്. എന്നാല്‍, നിയമത്തില്‍ ഭേദഗതികള്‍ വരുത്തുക തന്നെ വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
താങ്ങുവില തുടരുകയും മണ്ഡി സംവിധാനം സംരക്ഷിക്കപ്പെടുകയും വേണമെന്നും ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്ഗനൈസേഷന് അംഗം സത്പാല്‍ സിംഗ് പറഞ്ഞു. തങ്ങള്‍ക്കൊപ്പം ഹരിയാനയിലെ 12,000 കര്‍ഷകര്‍ ഉണ്ടെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്.
സമരത്തിൽ വിള്ളൽ ഉണ്ടായിട്ടില്ല
കാര്‍ഷിക ഉത്പാദക സംഘടനയുടെ പിന്‍വാങ്ങല്‍ കൊണ്ട് സമരത്തില്‍ വിള്ളല്‍ ഉണ്ടായെന്ന് പറയാന്‍ കഴിയില്ലെന്നാണ് സമരം ചെയ്യുന്ന പ്രമുഖ കര്‍ഷക നേതാക്കള്‍ ഇന്നു രാവിലെ പ്രതികരിച്ചത്.
ഇത് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രം മാത്രമാണെന്നാണ് ഭാരതീയ കിസാന്‍ യൂണിയന് നേതാവ് ഗുര്‍ണാം ചധുനീ പ്രതികരിച്ചത്.
ഫാര്‍മേഴ്സ് പ്രെഡ്യൂസേഴ്സ് ഓര്‍ഗനൈസേഷനുകള്‍ തന്നെ സര്‍ക്കാര്‍ മുന്‍കൈ എടുത്തു രൂപീകരിച്ചതാണ്. അവരെ വിവാദ കാര്‍ഷിക നിയമങ്ങള്‍ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കുകയേ ഇല്ല.
സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇന്നലെ അവര്‍ നിയമത്തെയും സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ഭേദഗതികളെയും അനുകൂലിച്ചതെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്റെ തുടക്കം മുതല്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം ഭിന്നിപ്പ് തന്ത്രങ്ങള്‍ പയറ്റിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരുമായി കര്‍ഷകര്‍ ഇതിനോടകം നടത്തിയ അഞ്ചു ചര്‍ച്ചകളും തീരുമാനത്തില്‍ എത്താതെ പിരിയുകയായിരുന്നു. വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സര്‍ക്കാര്‍ മുന്നോട്ട്വയ്ക്കുന്ന മറ്റൊരു ഉപാധിയും സ്വീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കര്‍ഷകര്‍.
ഭാരത് ബന്ദ് ആരംഭിച്ചു
വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്നു രാവിലെ പതിനൊന്നു മണി മുതല്‍ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ട്രെയിന്‍ തടയല്‍ ഉള്‍പ്പടെ നടക്കുന്നുണ്ട്.
ബാങ്കിംഗ് സേവനങ്ങളും ദേശീയ പാതകളില്‍ ഉള്‍പ്പടെ ഗതാഗതവും സ്തംഭിപ്പിക്കുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, തങ്ങളുടെ പ്രതിഷേധം സമാധാന പൂര്‍ണമാണെന്നും ഭാരത ബന്ദില്‍ മണിക്കൂറുകളോളം ആരെങ്കിലും കുടുങ്ങി
കിടന്നാല്‍ തങ്ങളെ വിളിച്ചാല്‍ മതി ഉടന്‍ അവര്‍ നില്ക്കുന്ന സ്ഥലത്ത് ഭക്ഷണവും വെള്ളവും എത്തിക്കുമെന്നാണ് ഭാരതീയ കിസാന്‍ യൂണിയന് ദേശീയ വക്താവ് രാകേഷ് ടികായത് പറഞ്ഞത്.
പോലീസ് സുരക്ഷ ശക്തമാക്കി
ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വാണിജ്യ ചരക്ക് നീക്കം നടത്തുന്ന ട്രക്ക് യൂണിയനുകളും ഭാരത് ബന്ദിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പണിമുടക്കുന്നുണ്ട്.
ഇത് വിവിധ സംസ്ഥാനങ്ങളിലെ ചരക്കു നീക്കത്തെ കാര്യമായി ബാധിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ചരക്ക് വാഹനങ്ങള്‍ എത്താത്തതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വിപണികളില്‍ ഇതിനോടകം തന്നെ പാല്, പാല് ഉത്പ്പന്നങ്ങള്‍, പഴം, പച്ചക്കറി എന്നിവയുടെ വിപണനം പ്രതിസന്ധിയിലായിട്ടുണ്ട്.
കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത ബന്ദിനോട് അനുബന്ധിച്ച് കേന്ദ്ര കൃഷിമന്ത്രിയുടെ വസതിക്കും കൃഷിമന്ത്രാലയം സ്ഥിതി ചെയ്യുന്ന കൃഷിഭവനും പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.