ബ്രസീലിയ: ചുംബനത്തിനു വിസമ്മതിച്ച യുവതിയെ സഹപ്രവര്ത്തകൻ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ബ്രസീലിലെ ഒരു വീട്ടിൽ സഹായിയായി ജോലി ചെയ്തുവരികയായിരുന്ന സിന്റിയ റിബെയ്റോ ബാർബോസ എന്ന 38കാരിയാണു ദാരുണമായി കൊലചെയ്യപ്പെട്ടത്.
നാല് കുട്ടികളുടെ അമ്മ കൂടിയായ യുവതി പുനർവിവാഹിതയായി എട്ടാം ദിവസമായിരുന്നു സംഭവം. അവർ ജോലി ചെയ്തിരുന്ന വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കൊല്ലപ്പെട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ബാർബോസയുടെ സഹപ്രവർത്തകനായ മാർസെലോ ജൂണിയർ ആണു കൊലപാതകത്തിനു പിന്നിലെന്നാണു റിപ്പോർട്ട്.
ഇയാളുടെ കുറ്റസമ്മതം ആണെന്ന് അവകാശപ്പെടുന്ന വീഡിയോ ഒരു പ്രാദേശിക മാധ്യമം പുറത്തു വിട്ടു. തന്നെ ചുംബിക്കാൻ വിസമ്മതിക്കുകയും അടിക്കുകയും ചെയ്തതിനാലാണ് താൻ സഹപ്രവർത്തകയെ കൊലപ്പെടുത്തിയതെന്നാണ് ഇയാൾ പറയുന്നത്.