സിഡ്നി: വനിതാ ലോകകപ്പ് കിരീടം നേടിയ സ്പാനിഷ് താരത്തിനു നിർബന്ധിത ചുംബനം നൽകിയ സംഭവത്തിൽ സ്പാനിഷ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയി റൂബിയാലസ് മാപ്പ് പറഞ്ഞു.
സംഭവം വൻ വിവാദമായതിനു പിന്നാലെയാണ് ഖേദപ്രകടനവുമായി റൂബിയാലസ് രംഗത്തെത്തിയത്.താൻ ചെയ്തത് പൂർണമായും തെറ്റായ കാര്യമാണെന്ന് അംഗീകരിക്കുന്നതായി റൂബിയാലസ് പറഞ്ഞു.
കപ്പ് വിജയിച്ച ആഹ്ലാദത്തിൽ, തെറ്റായ ഉദ്ദേശമൊന്നുമില്ലാതെയാണ് താൻ അതു ചെയ്തതെന്നും അദ്ദേഹം വിശദീകരിച്ചു. ഞായറാഴ്ച ഇംഗ്ലണ്ടിനെ എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തി കിരീടം നേടിയ ശേഷം ലാ റോജാസ് വിജയാഘോഷം നടത്തുന്നതിനിടെ, ജെന്നി ഹെർമോസോ എന്ന താരത്തിന്റെ ചുണ്ടിൽ റൂബിയാലസ് ബലമായി ചുംബിക്കുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.
മറ്റു താരങ്ങളുടെ കവിളിൽ ചെറുചുംബനം നൽകിയ റൂബിയാലസ് ഹെർമോസോയെ പിടിച്ചുനിർത്തി ചുണ്ടിൽ ചുംബിക്കുകയായിരുന്നു.
റൂബിയാലസ് നടത്തിയത് ലൈംഗികാതിക്രമം ആണെന്നും വനിതാ താരങ്ങളെ കായികസംഘടനാ അധികൃതർ അടിമകളായാണു കാണുന്നതെന്നും വ്യാപക വിമർശനം ഉയർന്നിരുന്നു.
റൂബിയാലസ് ചെയ്ത പ്രവൃത്തി ഇഷ്ടമായില്ലെന്ന് ഹെർമോസോ പറഞ്ഞതായി ഒരു മാധ്യമപ്രവർത്തക ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയിരുന്നു.
താൻ സ്നേഹം പ്രകടിപ്പിക്കാനായി ചെയ്ത നിസാരമായൊരു പ്രവൃത്തിയാണ് ഇതെന്നും സംഭവത്തിൽ വിവാദമാക്കാനൊന്നുമില്ലെന്നുമാണ് റൂബിയാലസ് ആദ്യം സ്വീകരിച്ചിരുന്ന നിലപാട്.