ഓഫീസിനുള്ളിൽ പരസ്യമായി ചുംബിച്ചുവെന്ന് ആരോപിച്ച് യുവാവിനെയും യുവതിയെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടു. തെക്ക് പടിഞ്ഞാറൻ ചൈനയിലെ സിൻചുവാനിൽ പ്രവർത്തിക്കുന്ന ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിലാണു സംഭവം. നേരത്തെ വെവ്വേറെ വിവാഹിതരായിരുന്ന ഇരുവരും ജോലി സ്ഥലത്തു കണ്ടുമുട്ടി അടുപ്പം സ്ഥാപിക്കുകയായിരുന്നു.
യുവാവിന്റെ ഭാര്യ ഇയാളുടെ ചില ചാറ്റുകൾ പുറത്തുവിട്ടതോടെയാണ് ഇവരുടെ ബന്ധത്തെക്കുറിച്ച് കമ്പനി അധികൃതർ അറിഞ്ഞത്. തുടർന്ന് ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. എന്നാൽ ഇരുവരും ബന്ധം തുടർന്നുവെന്നും ഓഫീസിനുള്ളിൽ വച്ച് പരസ്യമായി ചുംബിച്ചുവെന്നുമാണ് ആരോപണം.
പിരിച്ചുവിട്ടതിനു പിന്നാലെ കമ്പനിയിൽനിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇരുവരും കോടതിയിൽ കേസ് ഫയൽ ചെയ്തു. എന്നാൽ, കമ്പനിയുടെ സൽപ്പേര് നശിപ്പിക്കുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ പിരിച്ചുവിടാമെന്ന് കമ്പനിയുടെ നിയമാവലിയിൽ ഉണ്ടെന്ന് അധികൃതർ വാദിച്ചു. കന്പനിക്ക് അനുകൂലമാണു കോടതി വിധിയെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.