സിജോ പൈനാടത്ത്
കൊച്ചി: ഇടതുസര്‍ക്കാരിന്റെ പ്രസ്റ്റീജ് പദ്ധതിയെന്നറിയപ്പെട്ട ഭക്ഷ്യ കിറ്റു വിതരണത്തിനു സംസ്ഥാനം ഒരു വര്‍ഷം ചെലവഴിച്ചതു 4198.29 കോടി രൂപ. 2020 ഏപ്രില്‍ മുതല്‍ 2021 മേയ് വരെ കിറ്റു വിതരണത്തിനു സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച തുകയാണിത്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ പ്രതിമാസം 78 ലക്ഷം കിറ്റുകള്‍ വിതരണം ചെയ്തതെന്നു വിവരാവകാശ നിയമപ്രകാരം ലഭ്യമായ കണക്കുകള്‍ വ്യക്തമാക്കുന്നു.
2020 ഏപ്രിലിലെ ഭക്ഷ്യ കിറ്റു വിതരണത്തിനു 177 കോടി രൂപ സപ്ലൈക്കോയ്ക്കു നല്കിയപ്പോള് കഴിഞ്ഞ മേയില്‍ ഇതു 410 കോടി രൂപയായി ഉയര്‍ന്നു.
2016 ലെ ഓണത്തിനു ഭക്ഷ്യ കിറ്റുകല്‍ നല്കിയ ഇനത്തില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 17.71 കോടിയാണ്. 2017 ല്‍ 4.39 കോടിയും 2018 ല്‍ 3.85 കോടിയും ചെലവാക്കി.
ഭക്ഷ്യ കിറ്റു വിതരണത്തിനു പണം മുടക്കുന്നതു പൂര്‍ണമായും സംസ്ഥാന സര്‍ക്കാരാണെന്നും കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസിനു സപ്ലൈക്കോ നല്കിയ വിവരാവകാശ രേഖയില്‍ പറയുന്നു.
ചുവപ്പ്, നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്കായി കഴിഞ്ഞ മാര്‍ച്ചില്‍ 7894012 കിറ്റുകള്‍ വിതരണം ചെയ്തു. ഇ പോസ് മെഷീനില്‍ രേഖപ്പെടുത്തപ്പെട്ട കണക്കാണിത്. ഫെബ്രുവരിയില്‍ ഇത് 7894910 ആണ്.
ഭക്ഷ്യ കിറ്റുകള്‍ നല്‍കാനുള്ള തുണിസഞ്ചിയുടെ നിര്‍മാണത്തിനു എത്ര തുക ചെലവഴിച്ചെന്ന ചോദ്യത്തിനു സിവില്‍ സപ്ലൈസ് കോര്പറേഷന് മറുപടി നല്‍കിയില്ല..