സെബി മാളിയേക്കൽ
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഏറെ നിർണായകമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരം. 1942 ഓഗസ്റ്റ് 7, 8 തീയതികളിൽ മുംബൈയിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണു ചരിത്രപ്രസിദ്ധമായ “ക്വിറ്റ് ഇന്ത്യ’ പ്രമേയം ജവഹർലാൽ നെഹ്റു അവതരിപ്പിച്ചത്.
മൗലാന അബ്ദുൾ കലാം ആസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സർദാർ വല്ലഭായ് പട്ടേൽ പ്രമേയത്തെ പിന്താങ്ങി. എട്ടിനു വൈകീട്ട് ഗോവാലിയ ടാങ്ക് മൈതാനത്ത് (ഇപ്പോഴത്തെ ഓഗസ്റ്റ് ക്രാന്തി മൈതാനം) നടന്ന പൊതുസമ്മേളനത്തിൽ ഗാന്ധിജിയുടെ 140 മിനിറ്റ് നീണ്ട ചരിത്ര പ്രസംഗം.
“ഞാൻ നിങ്ങൾക്ക് ഒരു മന്ത്രം തരാം. ചെറിയ ഒരു മന്ത്രം. അതു നിങ്ങളുടെ ഹൃദയത്തിൽ പതിക്കുകയും ഓരോ ശ്വാസത്തിലും ഉരുവിടുകയും ചെയ്യുക. അതിതാണ് – പ്രവർത്തിക്കുക, അല്ലെങ്കിൽ മരിക്കുക.’ ഓരോ ദേശസ്നേഹിയും ഈ മന്ത്രം നെഞ്ചോടു ചേർത്തു.സമരമുഖത്തേക്കിറങ്ങി.
ജവഹർലാൽ നെഹ്റു, വല്ലഭായ് പട്ടേൽ തുടങ്ങിയവരെ രാത്രി തന്നെ പോലീസ് അറസ്റ്റു ചെയ്തു. രാവിലെയായപ്പോഴേക്കും ഗാന്ധിയും അറസ്റ്റിലായി. ഇന്ത്യ മുഴുവൻ സമര ഭൂമിയായി. ജില്ലയിൽ ഇരിങ്ങാലക്കുയിലായിരുന്നു ആദ്യ സമരം, പിന്നീട് തൃശൂരിലും.
ബോയ്സ് ഹൈസ്കൂളിലെ ബെഞ്ചേറു സമരം
കൊച്ചി രാജ്യത്തെ പ്രുഖ നാലു സ്കൂളുകളിലൊന്നായിരുന്നു ഇരിങ്ങാലക്കുട ഗവ. ബോയ്സ് ഹൈസ്കൂൾ. ഇവിടെ ഹൈസ്കൂൾ വിദ്യാർഥികളായ കെ.പി.പോളി, കണ്ടംകുളത്തി കഞ്ഞവര, മാരാത്ത് ശിവരാമ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ സമരം തുടങ്ങി.
“ബ്രിട്ടീഷുകാർ ഇന്ത്യ വിടുക, ഭാരത് മാതാ കീ ജയ്, മഹാത്മ ഗാന്ധി കീ ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിദ്യാർഥികൾ ഉച്ചത്തിൽ മുഴക്കിക്കൊണ്ടിരുന്നു. പഠനം നടത്താനാവാതെ വന്നപ്പോൾ ഹെഡ്മാസ്റ്റർ ധർമരാജയ്യർ പോലീസിനെ വിളിച്ചു. കൊച്ചി രാജ്യത്തെ അക്കാലത്തെ പേടി സ്വപ്നമായിരുന്ന പാപ്പാളിയുടെ നേതൃത്വത്തിൽ വലിയ പോലീസ് സന്നാഹമെത്തി.
വിദ്യാലയത്തിന്റെ കൂറ്റൻ ഇരുനില കെട്ടിടത്തിന്റെ മുകളിലെ നിലയിലായിരുന്നു ഹൈസ്കൂൾ ക്ലാസുകൾ. ബെഞ്ചുകളും ഡെസ്ക്കു കളും വലിച്ചിട്ട് മുകളിലേക്കു കയറുന്ന ഗോവണിയുടെ വാതിലുകൾ അടച്ച് വിദ്യാർഥികൾ ശക്തമായ മാർഗതടസം സൃഷ്ടിച്ചു. പോലീസ് ഏണി വച്ച് ഓട്ടിൻ പുറത്തുകൂടി മുകളിലേക്കു കയറാൻ ആരംഭിച്ചു.
ഇതോടെ വിദ്യാർഥികൾ ബെഞ്ചുകൾ തൂക്കി പോലീസിനെ എറിയാൻ തുടങ്ങി. പോലിസ് നിസഹായരായി. വിദ്യാർഥികളുടെ സംഘടിത മുന്നേറ്റത്തിനൊടുവിൽ പോലീസ് പിൻവാങ്ങി. അവസരം പാഴാക്കാതെ കെ.പി. പോളി താഴെയിറങ്ങി കൂട്ടമണിയടിച്ചു. മറ്റു ക്ലാസുകളിലെ വിദ്യാർഥികൾ ഇറങ്ങിപ്പോയി. മൂന്നു നേതാക്കളെയും സ്കൂളിൽ നിന്ന് ഡിസ്മസ് ചെയ്തു. ഇതായിരുന്നു ആവേശോജജ്വലമായ ബെഞ്ചേറു സമരം.
മണികണ്ഠനാൽത്തറയിലെ ലാത്തിച്ചാർജ്
തൃശൂരിൽ രണ്ടു ദിനം കൂടി കഴിഞ്ഞായിരുന്നു സമരം. മുംബൈയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ പോയ കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സംഘം തിരിച്ചെത്താൻ കാത്തിരുന്നതായിരുന്നു കാരണം. ഇവർ ട്രെയിൻ മാർഗം എത്തിയപ്പോൾ രണ്ടു ദിനം കഴിഞ്ഞു.
ഓഗസ്റ്റ് പതിനൊന്നിനു മണികണ്ഠനാൽത്തറയിൽ മൂവർണക്കൊടി ഉയർത്താൻ ശ്രമിച്ചവരെ പോലീസ് ലാത്തി വീശി.അടിയേറ്റു വീണിട്ടും തലപൊട്ടി ചോരയൊലിച്ചിട്ടും അന്നത്തെ യുവാക്കൾ പതാക ഉയർത്തി. അതിനു മുന്നിലുണ്ടായിരുന്നതു പിന്നീട് കേരള മുഖ്യമന്ത്രിയായ സാക്ഷാൽ ലീഡർ കെ. കരുണാകരനായിരുന്നു.
തൃശൂർ സെന്റ് തോമസ് കോളജിലെ വിദ്യാർഥികളായിരുന്നു പഠിപ്പുമുടക്കി ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തത്. മത്തായി മാഞ്ഞൂരാനും എം.പി. പോളുമായിരുന്നു നേതാക്കൾ.