തൊടുപുഴ: വിദ്യാർഥികൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണത്തിന് കാലതാമസം നേരിടുന്നതായി ആക്ഷേപം.
കിറ്റ് വിതരണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസിൽ നിന്നും സർക്കുലർ പുറപ്പെടുവിച്ച് ഒരുമാസം പിന്നിട്ടിട്ടും കിറ്റ് ലഭിക്കാതായതോടെ വിദ്യാർഥികളും രക്ഷിതാക്കളും സ്കൂൾ അധികൃതരെ പഴിചാരുകയാണ്.
അതേസമയം സ്കൂളിൽ നിന്നു നൽകേണ്ട എല്ലാ വിവരങ്ങളും ബന്ധപ്പെട്ട എഇഒ മാർ മുഖേന യഥാസമയം തന്നെ നൽകിയിട്ടുണ്ടെന്നാണ് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ പ്രീപ്രൈമറി, പ്രൈമറി, അപ്പർപ്രൈമറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കാണ് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യഭദ്രതാ അലവൻസിന്റെ ഭാഗമായി ഭക്ഷ്യക്കിറ്റുകൾ നൽകുന്നതിന് സർക്കാർ തീരുമാനിച്ചത്.
ഇതനുസരിച്ച് കിറ്റ് വിതരണം ചെയ്യേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും വിദ്യാഭ്യാസ ഓഫീസർമാർ, നൂണ്മീൽ ഓഫീസർമാർ,
ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സ്കൂൾ പ്രഥമാധ്യാപകർ, ഉച്ചഭക്ഷണ മേഖലാ കോ-ഓർഡിനേറ്റർമാർ തുടങ്ങിയവർക്ക് കൃത്യമായ നിർദേശങ്ങളും സർക്കുലർ മുഖേന നൽകിയിരുന്നു.
ഏപ്രിൽ മുതൽ മേയ് വരെയുള്ള ആദ്യഘട്ടത്തിൽ അരിക്കു പുറമെ ചെറുപയർ, തുവരപരിപ്പ്, ഉഴുന്നുപരിപ്പ്, റവ, വെളിച്ചെണ്ണ, റാഗിപ്പൊടി, കടലമിഠായി എന്നീ ഏഴിനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റാണ് വിതരണം ചെയ്യേണ്ടത്. ഇതിൽ അരി വിതരണം കൃത്യസമയത്തുതന്നെ പൂർത്തിയാക്കിയിരുന്നു.
പ്രീപ്രൈമറി വിദ്യാർഥികൾക്ക് രണ്ടുകിലോ അരിയും ഭക്ഷ്യക്കിറ്റും പ്രൈമറി വിദ്യാർഥികൾക്ക് ആറുകിലോ അരിയും 497 രൂപവില വരുന്ന ഉത്പന്നങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റും അപ്പർപ്രൈമറി വിഭാഗത്തിന് 10 കിലോ അരിയും 782.25 രൂപയുടെ ഉത്പന്നങ്ങൾ അടങ്ങിയ കിറ്റുമാണ് വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്.
ഓണം കഴിഞ്ഞ് ഒരുമാസം പിന്നിടുന്പോഴും കിറ്റ് കിട്ടാത്തതിന്റെ പരിഭവത്തിലാണ് കുട്ടികളും രക്ഷിതാക്കളും. ജില്ലയിലെ ഏഴ് ഉപജില്ലകളിൽ മൂന്നുവിഭാഗങ്ങളിലായി 79,971 കിറ്റുകളാണ് വിതരണം ചെയ്യേണ്ടത്.
ഇതിൽ 16,839 കിറ്റുകൾ സ്കൂളുകളിൽ എത്തിച്ചിട്ടുണ്ട്. 8,853 കിറ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്കുള്ള ഓണക്കിറ്റ് വിതരണം സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി നടന്നുവന്നതിനാലാണ് വിദ്യാർഥികൾക്കുള്ള കിറ്റ് വിതരണത്തിന് കാലതാമസം ഉണ്ടായതെന്നാണ് അധികൃതർ പറയുന്നത്.