കൊച്ചി: കോവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാന്‍ 84 ദിവസത്തെ ഇടവേള എന്തിനാണെന്ന് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോടു നിര്‍ദേശിച്ചു.
വാക്സിന്റെ ലഭ്യതയാണോ അതോ ഫലപ്രാപ്തിയാണോ ഇടവേള നിശ്ചയിച്ചതിനു മാനദണ്ഡമെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നു ജസ്റ്റീസ് പി.ബി. സുരേഷ്കുമാര്‍ ചോദിച്ചു.
കിറ്റെക്സ് കമ്പനിയിലെ 12,000 ത്തോളം തൊഴിലാളികള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍നല്‍കി 45 ദിവസം കഴിഞ്ഞതിനാല്‍ രണ്ടാം ഡോസ് നല്കാന് അനുവദിക്കണമെന്നാവശ്യപ്പെട്ട് അധികൃതര്‍ നല്കിയ ഹര്‍ജിയിലാണു സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
തൊഴിലാളികള്‍ക്കു നല്കാന് 93 ലക്ഷം ചെലവിട്ട് രണ്ടാം ഡോസ് വാക്സിന് വാങ്ങിയിട്ടുണ്ടെന്നും അനുമതി നല്‍കണമെന്നുമാണു ഹര്‍ജിയിലെ ആവശ്യം.
ഈ ആവശ്യമുന്നയിച്ച് മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും അപേക്ഷ നല്‍കിയെങ്കിലും മറുപടി ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
നേരത്തെ ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരാണ് വാക്സിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതെന്നു സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിനോടു വിശദീകരണം തേടിയത്.
കോവിഡിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ ആദ്യ ഡോസ് എടുത്ത് 45 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് കുത്തിവയ്ക്കാമെന്നാണ് ആദ്യം മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നത്.
പിന്നീട് ഇതു 84 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുത്താല്‍ മതിയെന്ന തരത്തില്‍ പുതുക്കി. ഇതിനെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നത്. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.