കൊച്ചി: 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറിയതിനു പിന്നാലെ കിറ്റക്സിനെ തങ്ങളുടെ നാട്ടിലേക്ക് ക്ഷണിച്ചത് അഞ്ച് സംസ്ഥാനങ്ങള്‍.
വിവിധ സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് കിറ്റെക്സ് ഗ്രൂപ്പ് ചെയര്മാന് സാബു ജേക്കബുമായി ആശയവിനിമയം നടത്തിയത്. നിക്ഷേപങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റുമോയെന്നതില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
കമ്പനിയെയും തന്നെയും തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായാണു സാബു ജേക്കബ് വ്യക്തമാക്കുന്നത്.
രാഷട്രീയ പകപോക്കലാണ് റെയ്ഡുകള്‍ക്കു പിന്നില്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയും കമ്പനിയെയും തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന ശ്രമങ്ങളാണ് നടന്നുവരുന്നതെന്നും അദേഹം പറഞ്ഞു.
സ്ഥലം എംഎല്‍എയുടെ സ്വാധീനം ഉപയോഗിച്ച് ഭരണതലത്തില്‍ നടത്തുന്ന ഇടപെടലുകളെ തുടര്‍ന്നാണ് മാരത്തണ്‍ റെയ്ഡ് നടക്കുന്നതെന്നും അദേഹം ആരോപിച്ചു. എന്നാല്‍, എംഎല്‍എ ഈ ആരോപണങ്ങള്‍ നിഷേധിച്ചു രംഗത്തെത്തി.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ തുടര്‍ച്ചയായി ഫാക്ടറിയില്‍ പരിശോധന നടത്തി ബുദ്ധിമുട്ടിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ധാരണാപത്രം ഒപ്പിട്ട 3,500 കോടിയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുന്നതായി സാബു ജേക്കബ് ചൊവ്വാഴ്ച വ്യക്തമാക്കിയത്.
കൊച്ചി, തിരുവനന്തപുരം, പാലക്കാട് ജില്ലകളിലായി 5,000 പേര്‍ക്കു തൊഴില്‍ ലഭിക്കുന്ന മൂന്നു വ്യവസായ പാര്‍ക്കുകളും അപ്പാരല്‍ പാര്‍ക്കും തുടങ്ങാനായിരുന്നു ധാരണ.
2020-ല്‍ കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.
അപ്പാരല്‍ പാര്‍ക്കിനുള്ള സ്ഥലം എടുത്തു വിശദമായ പ്ലാനും പ്രോജക്ട് റിപ്പോര്‍ട്ടും പൂര്‍ത്തീകരിച്ചിരുന്നു. 2025 ഓടെ പദ്ധതി പൂര്‍ത്തീകരിക്കുകയായിരുന്നു ലക്ഷ്യം.
ഇപ്പോഴുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മുതല്‍മുടക്കാനുള്ള തീരുമാനത്തില്‍നിന്നു പിന്നോട്ടുപോകാന്‍ നിര്ബന്ധിതരായിരിക്കുകയാണെന്നു സാബു ജേക്കബ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 11 തവണയാണ് വിവിധ വകുപ്പുകള്‍ കിറ്റെക്സില്‍ പരിശോധന നടത്തിയത്.