കിഴക്കമ്പലം: കിറ്റെക്സിൽ വിവിധ സർക്കാർ വകുപ്പുകൾ നടത്തിയ പരിശോധനകളെ തുടർന്നുണ്ടായ വിവാദങ്ങൾ തുടരുന്നതിനിടെ തൊഴിൽ വകുപ്പ് വീണ്ടും കിറ്റെക്സ് മാനേജ്മെന്റിനു നോട്ടീസ് നൽകി.
മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് നിയമം, കോൺട്രാക്റ്റ് ലേബേഴ്സ് ആക്ട്, ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്ക്മെൻ ആക്ട് തുടങ്ങി 73 നിയമങ്ങൾ ലംഘിച്ചെന്നാണ് കിറ്റെക്സ് ഗാർമെന്റ്സിനു നോട്ടീസിൽ പറയുന്നത്. പെരുമ്പാവൂർ അസിസ്റ്റന്റ് ലേബർ ഓഫീസർ ആണ് നോട്ടീസ് നൽകിയത്.
നോട്ടീസിൽ പറയുന്ന പല നിയമങ്ങളും കിറ്റെക്സ് കമ്പനിക്കു ബാധകമല്ലാത്തതാണെന്നും നിയമവിരുദ്ധമായ ഉത്തരവുകൾ നൽകിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്നും കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു എം. ജേക്കബ് ആവശ്യപ്പെട്ടു.
നിയമങ്ങൾ ലംഘിച്ചുവെന്നു പറയുന്നതല്ലാതെ പരിശോധനയിൽ എന്തെല്ലാം കണ്ടെത്തിയെന്നു നോട്ടീസിൽ പറയുന്നില്ല. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം തൂക്കി കൊല്ലാൻ വരെ കുറ്റങ്ങളുള്ള നിയമലംഘനങ്ങളാണ് നോട്ടീസിൽ സൂചിപ്പിച്ചിരിക്കുന്നത്.
3,500 കോടിയുടെ നിക്ഷേപ പദ്ധതി പിൻവലിക്കുന്നുവെന്നു പ്രഖ്യാപിച്ചതിനു പുറകെ മിനിമം കൂലി നടപ്പാക്കിയില്ലെന്നു കാണിച്ചു നോട്ടീസ് നൽകിയിരുന്നു.
മിനിമം കൂലിയുടെ വിഷയത്തിൽ ഹൈക്കോടതി സ്റ്റേ നിലനിൽക്കെയായിരുന്നു ഇത്. ഈ നോട്ടീസ് നൽകിയ ഉദ്യോഗസ്ഥൻ തന്നെയാണ് നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും നോട്ടീസ് നൽകിയത്.
കേരളത്തിലെ വ്യവസായ അന്തരീക്ഷം കളങ്കപ്പെടുത്തുന്ന ഇത്തരം ഉദ്യോഗസ്ഥരാണ് നാടിന് അപമാനം.
ഒരുവശത്ത് വ്യവസായ മന്ത്രി കിറ്റെക്സിന്റെ പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് പറയുകയും മറുവശത്ത് ലേബർ വകുപ്പിലെ ഉദ്യോഗസ്ഥൻ തുടരെ തുടരെ നോട്ടീസ് നൽകുകയുമാണ്.
ബന്ധപ്പെട്ട മന്ത്രി യോഗം വിളിച്ചാൽ നിയമലംഘനം കിറ്റെക്സിൽ നടക്കുന്നില്ലെന്നു തെളിയിക്കാൻ തയാറാണെന്നും സാബു ജേക്കബ് പറഞ്ഞു.