വടകര: ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ മേമുണ്ട ഹൈസ്കൂളിന്റെ നാടകത്തിനെതിരെ പ്രതിഷേധം. റഫീഖ് മംഗലശേരി സംവിധാനം ചെയ്ത കിത്താബ് എന്ന നാടകം ഇസ്ലാമിക വിരുദ്ധമെന്നാണ് ആക്ഷേപം. ഇതു സംബന്ധിച്ച് എംഎസ്എഫ് വടകര ഡിഇഒവിനു പരാതി നൽകി. ഡിഡിഇക്ക് പരാതി മെയിൽ ചെയ്തു.
മണ്ഡലം എംഎസ്എഫ് ഭാരവാഹികളായ അൻസീർ പനോളി, ആഷിർ ഒഞ്ചിയം, ഇ.എം.സഹൽ എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. നാടകത്തിനെതിരെ എസ്ഡിപിഐ പ്രവർത്തകർ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയിൽ ബാങ്ക് കൊടുക്കാൻ അനുവദിക്കുന്നില്ല എന്നതായിരുന്നു നാടകത്തിലെ പ്രധാന പ്രമേയം.
അതിൽ ഉപ്പ ഉമ്മയോട് പറയുന്നുണ്ട് പുരുഷ·ാരുടെ വാരിയെല്ലിൽ നിന്നാണ് സ്ത്രീകളെ സൃഷ്ടിച്ചതെന്ന്. അതുകൊണ്ട് സ്ത്രീക്ക് പുരുഷന്റെ പകുതി ബുദ്ധിയേ ഉണ്ടാവുകയുള്ളൂ എന്നു കിതാബു ഉയർത്തികൊണ്ടു പറയുന്പോൾ അത് കേട്ട് മകൾ പറയുന്നു പുരുഷന്റെ ബുദ്ധിയുടെ പകുതിയേ സ്ത്രീകൾക്കുള്ളൂവെന്ന്.
പുരുഷൻ കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതി സ്ത്രീ കഴിച്ചാൽ മതിയെങ്കിൽ പുരുഷൻ ധരിക്കുന്ന വസ്ത്രത്തിന്റെ പകുതി ധരിച്ചാൽ പോരേ സ്ത്രീയെന്നും ചോദിക്കുന്നു.എന്നാൽ ബുദ്ധി പകുതിയാണെങ്കിലും വസ്ത്രം ഇരട്ടി ധരിക്കണമെന്ന് കിത്താബിലുണ്ടെന്ന് പിതാവ് ഓർമിപ്പിക്കുന്നു.
തുടങ്ങിയവയാണ് നാടകത്തിലെ പരാമർശങ്ങൾ. ഇസ്ലാമിക വിശ്വാസങ്ങളെയും നിയമങ്ങളെയും മോശമായ രൂപത്തിൽ കളിയാക്കുകയും സമൂഹമധ്യത്തിൽ താറടിക്കുകയും ചെയ്യുന്നുവെന്നാണ് ഇക്കാര്യത്തിൽ പരാതിയായി വന്നിരിക്കുന്നത്.