സ്വന്തം ലേഖകൻ
തിരുവനന്തപുരം: വെള്ള, നീല റേഷൻ കാർഡുകാർക്ക് സ്പെഷൽ അരി വിതരണം നടത്തുന്നതു തെരഞ്ഞെടുപ്പു കമ്മീഷൻ തടഞ്ഞു.
ഈ മാസം 25 മുതൽ നടത്താനിരുന്ന വിഷു കിറ്റ് വിതരണത്തിന് ഏർപ്പെടുത്തിയ സ്റ്റേ തെരഞ്ഞെടുപ്പുകമ്മീഷൻ പിൻവലിച്ചതിനെത്തുടർന്നു നാളെമുതൽ കിറ്റ് വിതരണം നടത്താൻ മന്ത്രി പി. തിലോത്തമൻ ഭക്ഷ്യവകുപ്പിന് നിർദേശം നൽകി. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങും.
ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് കാർഡുകാർക്ക് കിറ്റ് വിതരണം ചെയ്യും. വിഷു ഏപ്രിലിൽ ആയതിനാൽ വോട്ടെടുപ്പു നടക്കുന്ന ആറിനുശേഷം മാത്രമേ വിഷു കിറ്റ് വിതരണം പാടുള്ളുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നൽകിയത്.
പരാതിയിൽ തെരഞ്ഞെടുപ്പു കമ്മീഷൻ സർക്കാരിനോട് വിശദീകരണം തേടിയെങ്കിലും കിറ്റുവിതരണം സ്റ്റേ ചെയ്തില്ല.
കിറ്റു വിതരണം തുടർന്നു വരുന്ന പദ്ധതിയാണെന്നും പുതിയ പദ്ധതിയല്ലെന്നും സർക്കാർ തെരഞ്ഞെടുപ്പു കമ്മീഷന് മറുപടി നൽകി. ഏപ്രിൽ ഒന്നിന് പെസഹാ വ്യാഴവും തുടർന്ന് ദുഃഖവെള്ളിയും റേഷൻ കട അവധിയാണ് .
ഈ സാഹചര്യത്തിലാണ് മാർച്ച് 25 മുതൽ കിറ്റ് വിതരണത്തിനു തീരുമാനിച്ചതെന്നും സർക്കാർ വിശദീകരണം നൽകി.
അതേസമയം, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വെള്ള, നീല റേഷൻ കാർഡുകാർക്ക് പത്തു രൂപ നിരക്കിൽ 15 കിലോവീതം അരി വീതം നൽകാനുള്ള സർക്കാർ തീരുമാനം തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പുകമ്മീഷൻ സിവിൽ സപ്ലൈസ് വകുപ്പിന് കത്തു നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ.
അരി വിതരണത്തിന് ഫെബ്രുവരി രണ്ടിന് സർക്കാർ ഉത്തരവിറങ്ങിയെങ്കിലും എഫ്സിഐക്ക് പണം അടയ്ക്കുന്നത് വൈകി.
ഇതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനവും വന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുന്പേ ഉത്തരവിറങ്ങിയതിനാൽ വിതരണത്തെ ബാധിക്കില്ലെന്നാണ് സർക്കാരിന്റെ വാദം.