മുക്കം: മുക്കം നഗരസഭയിലെ മണാശ്ശേരി സ്വദേശിയായ വിനോദ് എന്ന ജൈവ കർഷകൻ കോവിഡ് മുന്നണി പോരാളികൾക്ക് കൈതാങ്ങായി.
താൻ വിളയിച്ചെടുത്ത രക്ത ശാലി , ഉമ ഇനങ്ങളിൽ പെട്ട അരിയും ജൈവ രീതിയിൽ തന്നെ കൃഷി ചെയ്ത മഞ്ഞളും ഇദ്ധേഹം വിതരണം ചെയ്തത് ഈ കോവിഡ് കാലത്തും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന മുക്കം ഫയർഫോഴ്സ്, പോലീസ്, മാധ്യമ പ്രവർത്തകർ എന്നിവർക്കാണ്.
നാട്ടിലെ കലാ കായിക സാംസ്കാരിക രംഗങ്ങളിൽ നിറസാനിധ്യമായ വിനോദ് മണാശ്ശേരി ഒരു സിനിമ സംവിധായകൻ കൂടിയാണ്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകരുടേയും പോലീസ് ഡിപ്പാർട്ട്മെൻ്റിൻ്റെയും ഫയർഫോഴ്സിൻ്റയും സേവനങ്ങൾ പലപ്പോഴും ആരും ശ്രദ്ധിക്കാതെ പോവാറാണ് പതിവെന്നും അത്തരമൊരു സാഹചര്യത്തിലാണ് താൻ ഇങ്ങനെ ഒരു പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയതെന്നും വിനോദ് മണാശ്ശേരി പറഞ്ഞു.
പാക്ക് ചെയ്ത സാധനങ്ങൾ ഓട്ടോയിൽ അതത് സ്ഥലങ്ങളിലെത്തിച്ചാണ് വിനോദ് കൈമാറിയത്. ഫയർഫോഴ്സിന് നൽകിയ കിറ്റ് സ്റ്റേഷൻ ഓഫീസർ വി. ജയപ്രകാശ്, അസി. ഓഫീസർ വിജയൻ നടുതൊടികയിൽ എന്നിവർ ഏറ്റു വാങ്ങി.
മാധ്യമ പ്രവർത്തകർക്കുള്ള കിറ്റ് പ്രസ് ക്ലബ് പ്രസി.സി. ഫസൽ ബാബു, സെക്രട്ടറി ബി.കെ. രബിത്ത് എന്നിവർ ഏറ്റു വാങ്ങി. ജി.എൻ ആസാദ്, റഫീഖ് തോട്ടുമുക്കം ,രാജേഷ് കാര മൂല എന്നിവർ സംബധിച്ചു. മുക്കം പോലീസിനുള്ള കിറ്റ് മുക്കം ഇൻസ്പെക്ടർ എസ്. നിസാം ഏറ്റുവാങ്ങി.
മുക്കം നഗരസഭയിൽ വിവിധ പ്രദേശങ്ങളിൽ കരനെൽ കൃഷിയുൾപ്പെടെ സ്വന്തമായും കൂട്ടമായും ജൈവ കൃഷി ചെയ്യുന്ന വിനോദ് ആവശ്യക്കാർക്ക് കാർഷിക രംഗത്തെ അറിവ് പകർന്നു നൽകാനും ഒരുക്കമാണ്.