മനുഷ്യന്റെ വളര്ത്തു മൃഗങ്ങളില് മനുഷ്യരോട് ഏറ്റവുമധികം സ്വാതന്ത്യമെടുക്കുന്ന ജീവിയേതെന്നു ചോദിച്ചാല് പൂച്ചയെന്നല്ലാതെ മറ്റൊരു ഉത്തരമില്ല. മനുഷ്യരെ അതിരറ്റു സ്നേഹിക്കുന്ന നായകളില് മനുഷ്യരോട് യജമാന സ്നേഹമാണ് ഉണ്ടാവുകയെങ്കില്. പൂച്ചയെ സംബന്ധിച്ച് പൂച്ചയാണ് മനുഷ്യന്റെ യജമാനന്. അതിനാല് തന്നെ പൂച്ച ഒന്നിനും അനുവാദം ചോദിക്കാറുമില്ല. പുതുവര്ഷ ദിനത്തില് പ്രാര്ഥനയില് ഏര്പ്പെട്ട ബുദ്ധ സന്യാസിയുടെ ക്ഷമ പരീക്ഷിക്കുന്ന പൂച്ചയാണ് ഇപ്പോള് ഇന്റര്നെറ്റിലെ താരം.
ധ്യാനത്തില് ശ്രദ്ധിച്ചിരുന്ന സന്യാസിയുടെ മടിയില് കയറിയിരുന്ന് സ്നേഹപ്രകടനം നടത്തുകയാണ് പൂച്ച. അഞ്ചു മണിക്കൂര് നീണ്ട പ്രാര്ത്ഥനയില് പൂച്ച ഈ സന്യാസിക്കൊപ്പം ഉണ്ടായിരുന്നു എന്നാണ് സോഷ്യല് മീഡിയയിലെ വൈറലായ വീഡിയോയ്ക്കൊപ്പം പുറത്തുവന്ന വാര്ത്ത പറയുന്നത്.ബാങ്കോക്കിനു പുറത്തുള്ള വാറ്റ് ഉദോംറാങ്സിയിലെ ക്ഷേത്രത്തിലാണ് പൂച്ച ലോങ് പി കോംക്രിത് ടീചാകോടോ എന്ന സന്യാസിയുടെ ക്ഷമ പരീക്ഷിക്കുന്നത്. സമീപത്തിരിക്കുന്ന മുതിര്ന്ന സന്യാസി ഇടയ്ക്കിടെ ഇത് ശ്രദ്ധിക്കുന്നുമുണ്ട്. താന് പ്രാര്ത്ഥനാപുസ്തകം വായിക്കാന് ശ്രമിക്കുകയായിരുന്നു. എന്നാല് തന്റെ ശ്രദ്ധ മുഴുവന് പൂച്ച കൊണ്ടുപോയി എന്ന് സന്യാസി പറയുന്നു.
ക്ഷേത്രത്തില് പ്രാര്ത്ഥനയ്ക്കെത്തിയ നൊഫയോങ് സൂക്ഫാന് എന്നയാളാണ് ഈ ദൃശ്യം പകര്ത്തി ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചത്. പിന്നീട് നിരവധി വാര്ത്താസൈറ്റുകള് ഈ ദൃശ്യം ഏറ്റെടുത്തു. ബുദ്ധ ക്ഷേത്രത്തിലെ അന്തേവാസിയാണ് ഈ പൂച്ചയും. ദേഹത്ത് പിടിച്ചുകയറി സ്നേഹപ്രകടനം അതിരുകടന്നപ്പോള് പൂച്ചയെ പതുക്കെ തട്ടിമാറ്റാന് സന്യാസി ശ്രമിക്കുന്നുണ്ടെങ്കിലും പൂച്ച പിന്മാറുന്നില്ല. സന്യാസിയുടെ മടിയില് കയറിയിരുന്നും ദേഹത്തു തലോടിയുമാണ് അവള് സ്നേഹം പ്രകടിപ്പിച്ചത്.