പൊൻകുന്നം: ചിറക്കടവ് സെന്റർ പറപ്പള്ളിത്താഴെ ശ്രീകുമാറിന് രക്ഷകനായി വളർത്തുനായ. കാഴ്ചക്കുറവുള്ള ശ്രീകുമാർ വീട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ സമീപം കിടന്നിരുന്ന മൂർഖൻ പാമ്പിൽ നിന്ന് രക്ഷിച്ച് കൂറുകാട്ടിയത് 10 വർഷമായി വളർത്തുന്ന കിട്ടു എന്ന നായ. നായയുടെ കടിയേറ്റ് പാമ്പ് ചത്തു.
പ്രദേശത്തെ കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപ്പറേറ്റർ കൂടിയാണ് പൊൻകുന്നം – മണിമല റോഡരികിലെ വാടകവീട്ടിൽ കഴിയുന്ന 63 വയസുള്ള ശ്രീകുമാർ. ജന്മനാ കാഴ്ചപരിമിതിയുണ്ട്. എങ്കിലും പതിവായി പോകുന്ന വഴികളിലൂടെ തടസമില്ലാതെ സഞ്ചരിക്കാനാവുമെന്നതിനാലാണ് പമ്പ് പ്രവർത്തിപ്പിക്കൽ ജോലി ചെയ്യുന്നത്.
പമ്പ് നിർത്തിയതിന് ശേഷം കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് 3.30ഓടെ വീട്ടിലേക്ക് വന്നപ്പോഴാണ് സംഭവം. അടുക്കളയുടെ മുറ്റത്ത് പാമ്പിനെ കണ്ട് ഈ സമയം കൂടിനുള്ളിലായിരുന്ന കിട്ടു നിർത്താതെ കുരച്ചുകൊണ്ടിരുന്നു.
കാര്യം മനസിലാകാതെ തുടലിട്ട് പുറത്തിറക്കിയ നായ ശ്രീകുമാറിൽ നിന്ന് കുതറി പാമ്പിന് നേരെ ചെല്ലുകയായിരുന്നു. തുടർന്ന് പാമ്പിനെ കടിച്ചുകൊന്നു.
വീടിന്റെ ഉടമയും തൊട്ടുചേർന്നുള്ള ശകുന്തൾ സ്റ്റോഴ്സ് ഉടമയുമായ പുരുഷോത്തമൻ നായർ എത്തിയപ്പോഴാണ് കിട്ടു മൂർഖനിൽ നിന്നാണ് തന്നെ രക്ഷിച്ചതെന്ന് ശ്രീകുമാറിന് മനസിലായത്.
അതുവരെ നായ എലിയെ പിടിക്കുകയായിരുന്നുവെന്നാണ് കരുതിയത്. ഈ സമയം ശ്രീകുമാറിന്റെ ഭാര്യ രമാദേവി സമീപവീട്ടിൽ ജോലിക്കുപോയിരിക്കുകയായിരുന്നു. രണ്ടുപെൺമക്കളെയും വിവാഹം ചെയ്തയച്ചതിന് ശേഷം ഇവർ മാത്രമാണ് വീട്ടിലുള്ളത്.