തുറവൂർ : വെള്ളപ്പൊക്ക കെടുതികൾക്കിരയായ കുടുംബങ്ങൾക്ക് സർക്കാർ നൽകുന്ന അവശ്യസാധന കിറ്റിന്റെ വിതരണം തുടങ്ങി. അരി ഉൾപ്പടെയുള്ള പല വ്യജ്ഞനങ്ങൾ, ബിസ്കറ്റ്, ടൂത്ത് പേസ്റ്റ്, ബ്രഷ്, സാനിട്ടറി നാപ്കിൻ, തോർത്ത്, പാത്രം തുടങ്ങിയവയാണ് കിറ്റിലുള്ളത്.
താലൂക്ക് കേന്രങ്ങളിൽ വച്ച് പ്രത്യേകം പായ്ക്ക് ചെയ്ത് വില്ലേജ് ഓഫീസുകൾ മുഖാന്തിരമാണ് അർഹരായവർക്ക് കിറ്റ് വിതരണം നടത്തുന്നത്. ഇന്നലെ തുറവൂർ വില്ലേജ് ഓഫീസിൽ നിന്ന് 420 കുടുംബങ്ങൾക്ക് കിറ്റുകൾ നൽകി. നാല് ക്യാന്പിൽ കഴിഞ്ഞ വരടക്കം 1200 പേർക്കാണ് ഇവിടെ കിറ്റുകൾ വിതരണം ചെയ്യുന്നത്. ബാക്കിയുള്ളവർക്ക് അടുത്ത ദിവസങ്ങളിലായി വിതരണം ചെയ്യും. അരുർ വില്ലേജ് ഓഫീസിൽ നിന്ന് 650 പേർക്കുള്ള കിറ്റ് വിതരണം ഇന്ന് ആരംഭിക്കും.
അരൂർ മേഖലയിൽ 1600ഓളം പേരാണ് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ മുഴുവൻ പേർക്കും കിറ്റുകൾ വിതരണം നടത്താനാണ് അധികൃതരുടെ ശ്രമം. എഴുപുന്ന വില്ലേജ് ഓഫീസിൽ 613 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. എത്താതിരുന്ന 40 പേരൊഴികെ മുഴുവൻ പേർക്കും കിറ്റുകൾ കഴിഞ്ഞ ദിവസം വിതരണം ചെയ്തു. കോടംതുരുത്ത് വില്ലേജിൽ 1900ഓളം പേരുണ്ട്.
450 കിറ്റുകൾ മാത്രം എത്തിയിട്ടുള്ളതിനാൽ വിതരണം ആരംഭിച്ചിട്ടില്ല. അ്്ഞ്ച് ക്യാന്പുകളാണ് കോടംതുരുത്തിൽ ഉണ്ടായിരുന്നത്. കുത്തിയതോട് വില്ലേജിൽ കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ആകെ 753 പേർക്കാണ് വിതരണം: പറയകാട് മേഖലയിലെ ക്യാന്പിലുണ്ടായിരുന്നവരടക്കം 295 പേർക്കാണ് ആദ്യ ദിവസം വിതരണം ചെയ്യുന്നത്. പട്ടണക്കാട് വില്ലേജിലുള്ള 260 കുടുംബങ്ങളാണ് ഉള്ളത്.
ഇവർക്ക് കിറ്റുകൾ ഇന്ന് വിതരണം ചെയ്യും. സർക്കാരിന്റെ കിറ്റുകൾ വിതരണം ചെയ്യുന്ന വിവരമറിഞ്ഞ് ആളുകൾ കൂട്ടത്തോടെ വില്ലേജ് ഓഫീസുകൾ എത്തുന്നതുമൂലം അനിയന്ത്രിതമായ തിരക്കും ബഹളവും ചിലയിടങ്ങളിൽ ഉണ്ടാവുന്നുണ്ട്.