എം.സുരേഷ്ബാബു
തിരുവനന്തപുരം: വിദേശ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. പ്രതികളായ തിരുവല്ലം വെള്ളാർ തെക്കേകൂനംതുരുത്ത് വീട്ടിൽ ഉമേഷ് (28) ഉദയൻ (24) എന്നിവരെ അന്വേഷണ സംഘം ഇന്ന് കോടതിയിൽ ഹാജരാക്കും.
പ്രതികളുടെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ പോലീസിന്റെ നിരീക്ഷണത്തിലാണ്. സുശക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാകും കൂടുതൽ അറസ്റ്റുകൾ നടത്തുകയെന്നാണ് പോലീസ് വൃത്തങ്ങളിൽ ലഭിക്കുന്ന സൂചന. ഇക്കഴിഞ്ഞ മാർച്ച് 14 ന്്്് ആയൂർവേദ കേന്ദ്രത്തിൽ നിന്നും കോവളം തീരത്തെത്തിയ വിദേശ യുവതിയെ കോവളത്ത് വച്ച് മുഖ്യപ്രതിയായ ഉമേഷ് ടൂറിസ്റ്റ് ഗൈഡാണെന്ന് വിശ്വസിപ്പിച്ച് ഒപ്പം കൂടി. പിന്നാലെ തന്റെ സുഹൃത്ത് ഉദയനെയും ഒപ്പം കൂട്ടി.
സ്ഥലങ്ങൾ കാണിച്ച് കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ മയക്ക് മരുന്ന് കലർന്ന സിഗററ്റ് നൽകി. സിഗററ്റ് വലിച്ച യുവതി അർധ അബോധവസ്ഥയിലാകുകയും പിന്നീട് ഫൈബർ ബോട്ടിൽ ഇരുവരും ചേർന്ന് യുവതിയെ വാഴമുട്ടത്തെ പൊന്തക്കാട്ടിലെത്തിക്കുകയായിരുന്നു. അവിടെ വച്ച് ഇരുവരും യുവതിയെ മാറി മാറി ക്രൂരബലാത്സംഗത്തിനിരയാക്കി.
ഈ സമയം യുവതി മയക്ക് മരുന്ന് കലർന്ന സിഗററ്റ് വലിച്ചതിനെ തുടർന്ന് പകുതി മയക്കത്തിലായിരുന്നു. വൈകുന്നേരത്തോടെ ഉമേഷും ഉദയനും ചേർന്ന് തന്റെ മറ്റ് സുഹൃത്തുക്കളെ വിളിച്ച് വരുത്തി യുവതിയെ കാഴ്ചവയ്ക്കാൻ ശ്രമിച്ചിരുന്നുവെന്ന് പ്രതികൾ ചോദ്യം ചെയ്യൽ വേളയിൽ വെളിപ്പെടുത്തി. സുഹൃത്തുക്കളുടെ പേരുവിവരങ്ങൾ പോലീസിനോട് ഇവർ വെളിപ്പെടുത്തിയിരുന്നു.
ഇവരിൽ ചിലർ ഇപ്പോൾത്തന്നെ പോലീസ് കസ്റ്റിഡിയുള്ളതായും സൂചനകളുണ്ട്. ഉമേഷിന്റെ സുഹൃത്തുക്കൾ എത്തിയപ്പോൾ യുവതിക്ക് ബോധം തെളിയുകയും മാനഭംഗശ്രമത്തെ പ്രതിരോധിക്കുകയും ചെയ്തു. ഈ സമയത്ത് പ്രതികൾ യുവതിയെ തടഞ്ഞ് വയ്ക്കാൻ ശ്രമിച്ചു.
യുവതി നിലവിളിക്കാതിരിക്കാൻ പ്രതികൾ വായ പൊത്തുകയും പിന്നീട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയത്. യുവതിയുടെ മരണം ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ മരത്തിൽ കാട്ടുവള്ളികൾ കൊണ്ട് കെട്ടിത്തൂക്കുകയായിരുന്നു. മൃതദേഹം ജീർണിച്ചതോടെ തല വേർപെട്ട് മൃതദേഹം നിലത്ത് വീണിരുന്നു. യുവതിയുടെ ദേഹത്ത് പ്രതി ഉദയൻ നേരത്തെ ജാക്കറ്റ് ധരിപ്പിച്ചിരുന്നു. കൊലപാതകത്തിന് ശേഷം ഈ ജാക്കറ്റ് എടുക്കാതെ പ്രതികൾ സ്ഥലം വിട്ടിരുന്നു.
പിന്നീട് പല ദിവസങ്ങളിലും പ്രതികൾ ആ സ്ഥലത്തെത്തി മൃതദേഹം അവിടെയുണ്ടെന്ന് ഉറപ്പിച്ചിരുന്നുവെന്നാണ് ചോദ്യം ചെയ്യൽ വേളയിൽ പ്രതികൾ വെളിപ്പെടുത്തിയത്. പൊന്തക്കാട്ടിൽ നിന്നും പ്രതികളുടെ തലമുടിയിഴകളും ത്വക്കിന്റെ ഭാഗങ്ങളും രാസപരിശോധനക്ക് അയച്ച് ഫലം ലഭിച്ചതോടെയാണ് പ്രതികളുടെ അറസ്റ്റ് ഇന്നലെ പോലീസ് രേഖപ്പെടുത്തിയത്. ഇതിനിടെ മുഖ്യ പ്രതി ഉമേഷിന്റെ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു.
തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം, സിറ്റി പോലീസ് കമ്മീഷണർ പി.പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് വിദേശ യുവതിയുടെ ദൂരൂഹമരണം കൊലപാതകമാണെന്ന് തെളിയിച്ചത്. അന്വേഷണ സംഘത്തെ സംസ്ഥാന പോലീസ് മേധാവി അഭിനന്ദിക്കുകയും ബാഡ്ജ് ഓഫ് ഹോണർ നൽകുമെന്നും ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു.