കൊച്ചി: യുവാവിനെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. ഇന്നലെ ഒരു പ്രതിയെകൂടി പോലീസ് അറസ്റ്റ് ചെയ്തതതോടെയാണു പിടിയിലായ പ്രതികളുടെ എണ്ണം കൂടിയത്.
ഇനി മൂന്നുപേര്‍കൂടി പിടിയിലാകാനുള്ളതായാണു സൂചന. അരൂക്കുറ്റി സ്വദേശി ശ്രീജിത്തി(30) നെയാണ് കടവന്ത്ര പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂര്‍ സ്വദേശികളായ മുഹമ്മദ് അജ്മല്‍(28), സഞ്ജയ് ഷാഹുല്‍(31), പത്തനംതിട്ട മൈലപ്പാറ സ്വദേശി പ്രജീഷ് കുമാര്‍(27) ആലപ്പുഴ മാവേലിക്കര സ്വദേശി അജയ് രാജ്(24) എന്നിവരെ കടവന്ത്ര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആലപ്പുഴ സ്വദേശിയായ ഫൈസല്‍ എന്നയാളാണ് സംഘത്തലവന്. ഇയാള്‍ കൊലപാതകം അടക്കം നിരവധി കേസുകളിലെ പ്രതിയാണ്.
ഒളിവില്‍പ്പോയ ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്. തട്ടിപ്പിന് പിന്നില്‍ എട്ട് പേരടങ്ങുന്ന ഗുണ്ടാ സംഘമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
എറണാകുളം കമ്മട്ടിപ്പാടത്തിനു സമീപത്തെ സ്റ്റാര്‍ ഹോംസ് ഫ്ളാറ്റില്‍ താമസിക്കുന്ന ഇടുക്കി സ്വദേശി അനി ജോയിയെയാണ് തട്ടിക്കൊണ്ടുപോയത്.
ഇയാളുടെ സുഹൃത്തായ ഷിഹാബിനെ തട്ടിക്കൊണ്ടുപോകാനെത്തിയ സംഘം അയാളെ കിട്ടാത്തതിനാല്‍ അനിയെ കൊണ്ടുപോവുകയായിരുന്നു.
സുഹൃത്തിനെ തടവില്‍വച്ച് ഷിഹാബിനെ വിളിച്ചുവരുത്താനായിരുന്നു ശ്രമം.ഷിഹാബ് നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അനിയെ ഇടപ്പള്ളിയില്‍ ലോഡ്ജില്‍നിന്ന് പോലീസ് മോചിപ്പിച്ചു.
പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേരെ പിന്തുടര്ന്ന് പിടികൂടുകയും, തുടരന്വേഷണത്തില്‍ ബാക്കിയുള്ളവര്‍ അറസ്റ്റിലാകുകയുമായിരുന്നു.