തളിപ്പറമ്പ്: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ ജയിംസ് മാത്യു എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് വയല്‍കിളികള്‍.
അതിജീവനത്തിന്റെ ചുവന്ന ലോംഗ് മാര്‍ച്ചുകള്‍ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ തന്നെയാണ് ബിഒടി പാതയുടെ നാലരകിലോമീറ്റര്‍ നെല്‍വയലിലൂടെ തിരിച്ചുവിട്ട് കമ്യൂണിസ്റ്റ് ഗ്രാമത്തിലെ കര്‍ഷകരുടെയും തൊഴിലാളികളുടേയും ചരമക്കുറിപ്പെഴുതാന്‍ എംഎല്‍എ ശ്രമിക്കുന്നതെന്ന് വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഈ വികസന തീവ്രവാദത്തെ എന്ത് വിലകൊടുത്തും തടയുമെന്നും, അതിജീവനത്തിന്റെ ഈ സമരം തങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കീഴാറ്റൂര്‍ വയല്‍ ബൈപ്പാസ് നിര്‍മിക്കാന്‍ വിട്ടുനല്‍കുന്നതിന് സ്ഥലം ഉടമകള്‍ സമ്മതപത്രം നല്‍കിയെന്ന മട്ടില്‍ ജയിംസ്മാത്യു എംഎല്‍എയും ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലിയും നടത്തിയത് നാടകം മാത്രമാണ്.
വിവാദ വയല്‍പ്രദേശത്ത് സ്ഥലമുള്ള രണ്ടുപേര്‍ മാത്രമാണ് തെറ്റിദ്ധാരണക്ക് വഴങ്ങി സമ്മതപത്രം നല്‍കിയതെന്നും ബാക്കി 56 പേരും തങ്ങളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. കൂവോട്, കുറ്റിക്കോല്‍ ഭാഗത്ത് പ്രശ്നങ്ങള്‍ നിലവിലില്ലാത്ത സ്ഥലത്തെ ചില സിപിഎം പ്രവര്‍ത്തകര്‍ നല്കിയ സമ്മതപത്രമാണ് കീഴാറ്റൂര്‍ വയലിന്റെ അവകാശികളെന്ന പേരില്‍ നല്‍കിയത്.
സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വരുന്നവരെ പുറത്തുനിന്ന് കുഴപ്പമുണ്ടാക്കാനെത്തുന്നവര് എന്ന് ആക്ഷേപിക്കുന്നത് പരാതികള്‍ പരിഹരിക്കുന്നതിന് പകരം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇന്നലെ സിപിഎം കൊടിമരങ്ങള്‍ നശിപ്പിക്കപ്പെട്ട സംഭവം.
ഇപ്പോള്‍ വയലിന് 4.16 ലക്ഷം രൂപ സെന്റിന് നല്‍കുമെന്ന് പറയുന്നത് വെറും മോഹിപ്പിക്കുന്ന നടക്കാത്ത വാഗ്ദാനം മാത്രമാണെന്നും, വില നിശ്ചയിക്കുന്നത് പൊതുമാനദണ്ഡംഅനുസരിച്ചാണെന്നും ദേശീയപാതയില്‍ തന്നെ പരമാവധി ലഭിക്കുന്നത് രണ്ടരലക്ഷം രൂപ മാത്രമാണെന്നും, എന്തുതന്നെ സംഭവിച്ചാലും ഈ അതിജീവനസമരം വിജയിക്കുന്നതുവരെ പോരാടുമെന്നും സമരനേതാക്കള്‍ അറിയിച്ചു. കീഴാറ്റൂര്‍ വയലിന്റെ ഉടമകളായ, സമ്മതപത്രം നല്‍കിയെന്ന് പറയപ്പെടുന്ന കര്‍ഷകരും നേതാക്കളോടൊപ്പം എത്തിയിരുന്നു.