കിഴക്കമ്പലം: കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ പ്രധാന ടൗണുകളിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തതിനാൽ യാത്രക്കാര്‍ ആശ്രയിക്കുന്നത് കടവരാന്തകളെയും മരച്ചുവടുകളെയും. തിരക്കേറിയ ടൗൺ പ്രദേശങ്ങളായ കിഴക്കമ്പലം, പള്ളിക്കര, പുക്കാട്ടുപടി, പട്ടിമറ്റം എന്നിവിടങ്ങളിൽ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ ഇരു സ്ഥലങ്ങളിലും പഞ്ചായത്തധികൃതർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
കിഴക്കമ്പലത്ത് ബസ് സ്റ്റാന്‍ഡ് വന്നെങ്കിലും മാര്‍ക്കറ്റിലെയും കവലയിലെയും ബസ് സ്റ്റോപ്പുകളിലെ യാത്രക്കാര്‍ കയറി നില്‍ക്കുന്നത് ഇപ്പോഴും കെട്ടിടങ്ങളുടെ ചായ്പുകളിലും കടവരാന്തകളിലുമാണ്. നാല് പ്രദേശങ്ങളിലെ ബസ്സ്റ്റോപ്പുകളിലും കാത്തിരിപ്പുകേന്ദ്രമില്ലാത്തത് യാത്രക്കാരെ ഏറെ വലയ്ക്കുന്നുണ്ട്.
തിരക്കേറിയ പുക്കാട്ടുപടിയില്‍ മൂന്നിടത്തായിട്ടാണ് ബസ് സ്റ്റോപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതുകൂടാതെ വയര്റോപ്പുകവലയിലും ബസ് സ്റ്റോപ്പുകൾ ഉണ്ട്. ഇവിടങ്ങളിലും കടവരാന്തകള്‍ തന്നെയാണ് യാത്രക്കാരുടെ ഏക ആശ്രയം. ബസ് സ്റ്റാന്‍ഡിനുള്ള സാധ്യത വളരെയുണ്ടെങ്കിലും ഇതിനുള്ള ശ്രമം ഉണ്ടായിട്ടില്ല.
പട്ടിമറ്റം കവലയില്‍ നാല് ബസ് സ്റ്റോപ്പുകളുണ്ടെങ്കിലും പെരുമ്പാവൂര്‍ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് മാത്രമാണ് കയിറിനില്ക്കാന് കാത്തിരിപ്പുകേന്ദ്രമുള്ളത്. കോലഞ്ചേരി, മുവാറ്റപുഴ, കിഴക്കമ്പലം ഭാഗങ്ങളിലേക്ക് ബസ് കാത്തുനിൽക്കുന്നവർക്ക് കടവരാന്തകളാണ് ശരണം.
ഇവിടെയും ബസ് സ്റ്റാന്‍ഡ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. തെക്കെ കവലയില്‍ കാത്തിരിപ്പു കേന്ദ്രം പണിതതാണ് യാത്രക്കാര്‍ക്കുള്ള ഏക ആശ്വാസം. പള്ളിക്കര ടൗണിൽ മൂന്ന് ബസ് സ്റ്റോപ്പുകളുണ്ടെങ്കിലും ഇവിടെയും കത്തിണ്ണകൾ തന്നെയാണ് യാത്രക്കാർക്ക് ആശ്രയം.
പള്ളിക്കരയില്‍ മാര്‍ക്കറ്റ് മൈതാനം ബസ് സ്റ്റാന്ഡാക്കണമെന്ന പഞ്ചായത്തിന്റെ പദ്ധതി വർഷങ്ങളായി കടലാസിലുറങ്ങിക്കിടക്കുകയാണ്. മഴയും വെയിലും കൊള്ളാതെ യാത്ര ചെയ്യാൻ പള്ളിക്കര, കിഴക്കമ്പലം, പുക്കാട്ടുപടി, പട്ടിമറ്റം എന്നിവിടങ്ങളിൽ കാത്തിരിപ്പുകേന്ദ്രങ്ങള്‍ വേണമെന്ന ആവശ്യത്തിലാണ് നാട്ടുകാർ.