കിഴക്കന്പലം: ചെന്പറക്കിയിൽ ദുരൂഹ സാഹചര്യത്തിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം, ഒരാൾ അറസ്റ്റിൽ. ഇടുക്കി അടിമാലി സ്വദേശിനിയായ ബിന്ദുവിന്റെ മൃതദേഹമാണു കഴിഞ്ഞ ദിവസം ചെന്പറക്കിയിലെ ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ കണ്ടെത്തിയതെന്നു തിരിച്ചറിഞ്ഞതായും സംഭവത്തിൽ മറയൂർ സ്വദേശി കുട്ടൻ എന്നു വിളിക്കുന്ന ബാബുവിനെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു.
പെരുന്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കസറ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് ഇന്നു രാവിലെ രേഖപ്പെടുത്തുകയായിരുന്നു.പെരുന്പാവൂർ മേഖലയിലെ ലൈംഗിക തൊഴിലാളിയായിരുന്ന ബിന്ദുവിനെ തന്റെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ഇയാൾ കൊല ചെയ്യുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്.
ഒരു മാസം മുന്പാണ് ബാബു ചെന്പറിക്കിയിലെ വാടക വീട്ടിൽ വലിയച്ഛന്റെ മകളെന്നു പരിചയപ്പെടുത്തിയ സ്ത്രീയ്ക്കൊപ്പം താമസം തുടങ്ങിയത്. ഇതിനിടെ കൊലപ്പെട്ട സ്ത്രീയുമായി ഇയാൾ ബന്ധം പുലർത്തിയിരുന്നു.ഒരാഴ്ച്ച മുന്പ് ബാബുവിന്റെ വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി വീട്ടുടമസ്ഥൻ ബാബുവിനോട് പറഞ്ഞിരുന്നു.
ഇതിനെത്തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ കൊണ്ടിട്ടതായായാണു പോലീസ് പറയുന്നത്. വീടിന്റെ വാതിൽപ്പടിയിൽ രക്തപാടുകളും കണ്ടെത്തിയിരുന്നു. മൃതദേഹം കണ്ടെത്തുന്നതിനു മൂന്നു ദിവസം മുൻപ് ഇയാൾ തമിഴ്നാട്ടിലേക്ക് പോയിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
വാർക്കപ്പണിക്കാരനായ ഇയാൾ പെരുന്പാവൂർ മേഖലയിൽ ആക്രി പെറുക്കി വിൽക്കുന്ന ജോലിയും ചെയ്തിതിരുന്നതായി പോലീസ് പറഞ്ഞു. ഇയാൾക്കു നിരവധി സ്ത്രീകളുമായി ബന്ധമുള്ളതായാണു വിവരം. ചെന്പറക്കി മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്നുമാണു പ്രതി ഇയാളാണെന്നു തിരിച്ചറിഞ്ഞത്. പ്രതിയെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കിയതായും വൈകിട്ട് കോടതിയിൽ ഹാജരാക്കുമെന്നും അധികൃതർ പറഞ്ഞു.
ചെന്പറക്കിയിലെ ആളൊഴിഞ്ഞ പറന്പിലെ കുറ്റിക്കാട്ടിൽ തിങ്കളാഴ്ച്ചയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കറുത്ത തുണികൊണ്ട് മൂടിയിട്ട നിലയിലായിരുന്നു മൃതദേഹം. കൈയിൽ സൂരജ് ബിന്ദുവെന്ന് പച്ചകുത്തിയിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കു പിന്നിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് വ്യക്തമായിരുന്നു.
ആയുധം ഉപയോഗിച്ച് കൊലപെടുത്തിയശേഷം മൃതദേഹം വീട്ടിൽ സൂക്ഷിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. അടിമാലിയിൽ നിന്ന് 10 വർഷം മുന്പ് എത്തിയ ഇവർ പെരുന്പാവൂർ കാലടി ഭാഗങ്ങളിൽ വാടകക്ക് താമസിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.