കിഴക്കമ്പലം: കിഴക്കമ്പലത്ത് അതിഥിത്തൊഴിലാളികൾ പോലീസിനും നാട്ടുകാർക്കും നേരെ ആക്രമണം അഴിച്ചുവിട്ട സംഭവത്തിൽ കൂടുതൽ പരിശോധന ഇന്നു നടക്കും. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്ന് വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന സൂചനയാണ് പോലീസ് നൽകുന്നത്.
പോലീസിനെയും നാട്ടുകാരെയും ആക്രമിക്കുന്നതും പോലീസ് വാഹനങ്ങൾ കത്തിക്കുന്നതും തകർക്കുന്നതും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വിശദമായ പരിശോധനക്ക് വിധേയമാക്കാനാണ് പോലീസ് തീരുമാനം.
ഇതനുസരിച്ചാണ് കൂടുതൽ പേർ പ്രതികളാകുക. സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് പോലീസിനുനേരേ ഇത്തരമൊരു ആക്രമണം ഉണ്ടാകുന്നത്.
കണ്ടാലറിയുന്ന 300 പേർക്കെതിരേ കേസ്
ആക്രമണവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരേ കേസെടുത്തതായി പുത്തന്‍കുരിശ് ഡിവൈഎസ്പി ജി. അജയ്നാഥ് പറഞ്ഞു. ഇതിൽ ഇന്നലെ റിമാൻഡ് ചെയ്ത 164 പേർ വിയ്യൂർ, മൂവാറ്റുപുഴ, കാക്കനാട് ജയിലുകളിലാണ് പാർപ്പിച്ചിരിക്കുന്നത്.
അറസ്റ്റിലായ 51 പേര്‍ക്കെതിരേ വധശ്രമത്തിനും മറ്റുള്ളവര്‍ക്കെതിരേ പൊതുമുതല്‍ നശിപ്പിക്കല്‍ ഉൾപ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തുമാണ് കേസെടുത്തിട്ടുള്ളത്. കുന്നത്തുനാട് സിഐ വി.ടി. ഷാജന് അടക്കമുള്ള പോലീസുകാരെ തടഞ്ഞുവച്ച് മര്‍ദിച്ച് വധിക്കാന്‍ ശ്രമിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കല്ല്, മരവടി എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.
വരും ദിവസങ്ങളിൽ തെളിവെടുപ്പ്
പത്തോളം സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ അക്രമത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പോലീസിന്റെ കണ്ടെത്തല്‍. തെളിവെടുപ്പു നടപടികള്‍ വരും ദിവസങ്ങളില്‍ നടക്കും. ശനിയാഴ്ച അർധരാത്രി പന്ത്രണ്ടോടെ കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ അതിഥിത്തൊഴിലാളികള്‍ താമസിക്കുന്ന ചൂരക്കോട്ടെ ക്യാമ്പിലാണ് സംഘര്‍ഷമുണ്ടായത്.
നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും തൊഴിലാളികള്‍ ആക്രമിക്കുകയായിരുന്നു. കോലഞ്ചേരി കോടതിക്ക് മുന്നില്‍ പ്രതികള്‍ക്കെതിരേ ഇന്നലെ നാട്ടുകാരുടെ പ്രതിഷേധം അരങ്ങേറി.
കേരളത്തിൽ 40 ലക്ഷത്തോളം പേർ അന്യസംസ്ഥാന തൊഴിലാളികളാണുള്ളത്. ഇവരുടെ ഇടയിൽ വ്യാപകമായ തോതിൽ ലഹരി ഉപയോഗിക്കുന്നതായി വിവരമുണ്ട്. എന്നാൽ വൻതോതിലുള്ള ലഹരിയുടെ ഉറവിടം ഇതുവരെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.