കിഴക്കമ്പലം: കിഴക്കമ്പലത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മാസങ്ങള്‍ ശേഷിക്കേ ഭരണം പിടിച്ചെടുക്കാന്‍ ഇടതു-വലതു പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങള്‍ രംഗത്തെത്തി.
ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരണം നടത്തിയിരുന്ന പഞ്ചായത്തില്‍ അപ്രതീക്ഷിതമായി എത്തിയ ജനകീയ കൂട്ടായ്മ ട്വന്റി-20 ഭരണം പിടിച്ചെടുക്കുകയായിരുന്നു.
ഇതോടെ ഓര്‍ക്കാപ്പുറത്ത് കിട്ടിയ തിരിച്ചടികളില്‍ നിന്നും കിഴക്കമ്പലത്തെ മുഖ്യധാരാ പാര്‍ട്ടികളുടെ പ്രാദേശിക നേതൃത്വങ്ങള്‍ ഇതുവരെയും മുക്തരായിട്ടില്ല.
ഇത്തവണ പഞ്ചായത്തിലെ 19 വാര്‍ഡുകളിലും മത്സരിക്കുമെന്നാണ് ട്വന്റി-20 ഭാരവാഹികള്‍ പറയുന്നത്. ഇതിനായി നേരത്തെ തന്നെ സ്ഥാനാര്‍ഥികളെയും കണ്ടെത്തിക്കഴിഞ്ഞു. സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതലും വനിതാ പ്രാതിനിധ്യമാണുള്ളത്.
ട്വന്റി-20 മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായാതോടെ ഏതുവിധേനയും ഭരണം പിടിച്ചെടുക്കാനായി മുന്നണികൾ വ്യത്യസ്ത വഴികളാണ് തേടുന്നത്.
പഞ്ചായത്തിലെ വലത് മുന്നണിക്ക് ഒപ്പം നില്ക്കുന്ന വ്യവസായികളെ രംഗത്തിറക്കിയാണ് വലത് പാർട്ടി തെരഞ്ഞെടുപ്പ് രംഗം സജീവമാക്കുന്നത്.
പാറമട, ക്രഷര്‍ മുതലാളിമാരെ രംഗത്തിറക്കിയാല്‍ തെരഞ്ഞെടുപ്പ് രംഗം സജീവമാക്കാന്‍ ആവശ്യത്തിനു പണവും സ്വീകാര്യതയും ലഭിക്കുമെന്നാണ് ഇവരുടെ വിലയിരുത്തല്‍.