വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ കോണ്‍ഗ്രസിനുളളിലെ പോര് മുറുകിയതോടെ ഈ മാസം 20 ന് നടക്കുന്ന കിഴക്കഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസിൽ നിന്നു തന്നെ രണ്ട് പാനൽ നാമനിർദ്ദേശ പത്രിക നൽകി. ഇന്നലെയായിരുന്നു പത്രിക നൽകാനുള്ള അവസാന ദിവസം.
ഇന്ന് പത്രികയുടെ സൂക്ഷ്മപരിശോധന നടക്കും.നിലവിലെ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറുമായ എം.കെ.ശ്രീനിവാസൻ, ബ്ലോക്ക് പഞ്ചായത്ത് മെന്പർ കോണ്‍ഗ്രസിലെ രാജു എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു പാനലും ബാങ്കിന്റെ മറ്റൊരു മുൻ പ്രസിഡന്റും കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ടി.സി.ഗീവർഗ്ഗീസ് മാസ്റ്റർ, പഞ്ചായത്ത് മുൻ മെന്പർമാരായ സിജു ജോസഫ്, വിജയൻ മറ്റു നേതാക്കളായ ഹരി, വേലപ്പൻ മാസ്റ്റർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മറ്റൊരു പാനലുമാണ് കോണ്‍ഗ്രസിൽ നിന്നു തന്നെയുള്ളത്.
ഇവരെ കൂടാതെ രണ്ട് ഡസൻ പേർ വേറെയും പത്രിക സമർപ്പിച്ചിട്ടുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട് അഞ്ച് സ്ഥാനങ്ങൾ ഉള്ളവരും ബാങ്ക് ഡയറക്ടർ ബോർഡിൽ മൂന്ന് തവണ ഉണ്ടായിരുന്നവരും മത്സര രംഗത്ത് വീണ്ടും എത്തുന്നതിൽ പ്രതിഷേധിച്ചാണ് മറുപക്ഷം തെരഞ്ഞെടുപ്പിന് പത്രിക നൽകി മത്സര രംഗത്ത് വരുന്നത്. ബാങ്കിൽ നാല് ജീവനക്കാരുടെ ഒഴിവുണ്ടെങ്കിലും അവരവരുടെ ആളുകളെ തിരുകി കയറ്റാനുള്ള ശ്രമത്തിൽ വർഷങ്ങളായി നിയമനകാര്യത്തിൽ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പറയുന്നു.
13 പേരടങ്ങുന്നതാണ് ബോർഡ്. ഇതിൽ എട്ട് ജനറൽ സീറ്റും ഒരെണ്ണം ഡെപ്പോസിറ്റ്, മൂന്നെണ്ണം വനിത, ഒരെണ്ണം ഹരിജൻ സംവരണം എന്നിങ്ങനെയാണുള്ളത്. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വിഷയത്തിൽ ഇടപ്പെട്ടില്ലെങ്കിൽ മത്സരം കടുത്തതാകും.