വടക്കഞ്ചേരി: 20ന് നടക്കുന്ന കിഴക്കഞ്ചേരി സർവീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ഐക്യജനാധിപത്യ കർഷകമുന്നണിക്കെതിരെ കോണ്‍ഗ്രസിന്റെ പ്രബലനേതാക്കൾ ഉൾപ്പെടുന്ന കോണ്‍ഗ്രസ് കർഷകസമിതിയുടെ പ്രചാരണം സജീവം.
ഗ്രൂപ്പ് മാനേജർമാർ സീറ്റ് പങ്കുവയ്ക്കുന്നതിൽ പ്രതിഷേധിച്ചും കോണ്‍ഗ്രസിനെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായാണ് കർഷകസമിതി രംഗത്തു വന്നിട്ടുള്ളത്.
കർഷക കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.ഗീവർഗീസ് മാസ്റ്റർ, പഞ്ചായത്ത് മുൻ മെന്പർമാരായ സിജു ജോസഫ് വാൽകുളന്പ്, പി.വി.വിജയൻ, മറ്റു നേതാക്കളായ എം.വേലപ്പൻ മാസ്റ്റർ, ഹരിദാസ് പാണ്ടാംകോട്, ബിജു വട്ടക്കണ്ടത്തിൽ, കെ.വി.ആൻഡ്രൂസ്, എ.പി.വർഗീസ് കണിച്ചിപരുത, ഇ.കെ.എൽദോ, മാത്യു ജേക്കബ് (ബേബി കോലാഞ്ഞിയിൽ), ഷൈലജ മനോജ്, സുഭാഷിണി രാധാകൃഷ്ണൻ, റഷീദ തുടങ്ങിയവരാണ് കോണ്‍ഗ്രസിന്റെ ഒൗദ്യോഗിക പാനലിനെതിരെ രംഗത്തുള്ളത്.
കോണ്‍ഗ്രസ് മണ്ഡലം മുൻ പ്രസിഡന്റ് വി.ഒ.വർഗീസ്, സമിതി കണ്‍വീനർ പി.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നല്‍കുന്നതാണ് കർഷക സമിതി. കഴിഞ്ഞദിവസം കിഴക്കഞ്ചേരി പഞ്ചായത്തിലെ ഇളങ്കാവിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പോയതുൾപ്പെടെയുള്ള വിഷയങ്ങൾ പ്രവർത്തകരും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തിരിയാൻ കാരണമായിട്ടുണ്ട്.